പാകിസ്താനിലെ ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം; സ്ഫോടനം നടന്നത് വോൾട്ടൻ എയർഫീൽഡിന് സമീപം
text_fieldsലാഹോർ: പാകിസ്താനിലെ കിഴക്കൻ നഗരമായ ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം. വോൾട്ടൻ എയർഫീൽഡിന് സമീപമാണ് സ്ഫോടനമുണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വാൾട്ടൻ എയർഫീൽഡിന് സമീപത്തെ ഗോപാൽ നഗർ, നസീറാബാദ് ഏരിയയിലാണ് സ്ഫോടനങ്ങൾ ഉണ്ടായതെന്ന് പാക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആദ്യ സ്ഫോടനത്തിന് പിന്നാലെ സൈറൺ ശബ്ദം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തുടർ സ്ഫോടനങ്ങൾ ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ വലിയ തോതിൽ പുക ഉയരുന്നതിന്‍റെയും ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടുന്നതിന്‍റെയും ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.
സ്ഫോടനത്തിന്‍റെ ആളപായോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, വെടിവച്ചിട്ട ആറടി നീളമുള്ള ഡ്രോൺ പൊട്ടിത്തെറിച്ചതാകാമെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
അതേസമയം, 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം ബുധനാഴ്ച നൽകിയ കനത്ത തിരിച്ചടിയിൽ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തിരുന്നു. ‘ഓപറേഷൻ സിന്ദൂർ’ എന്ന് പേരിട്ട 25 മിനിറ്റ് നീണ്ട സംയുക്ത സൈനിക നടപടിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. പഹൽഗാമിൽ ഭീകരാക്രമണം നടന്ന് 14 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചടി.
ലശ്കറെ ത്വയ്യിബയുടെയും ജയ്ശെ മുഹമ്മദിന്റെയും ഹിസ്ബുൽ മുജാഹിദീന്റെയും പരിശീലന ക്യാമ്പുകളും ആസ്ഥാനങ്ങളും ഒളിസങ്കേതങ്ങളും ആക്രമണത്തിൽ തകർന്നു. ഇന്ത്യൻ അതിർത്തിയിൽ നിന്ന് ആറു മുതൽ 100 വരെ കിലോമീറ്റർ അകലെയുള്ള കേന്ദ്രങ്ങളാണിവ. ഇതിൽ നാലെണ്ണം പാകിസ്താനിലും അഞ്ചെണ്ണം പാക് അധീന കശ്മീരിലുമാണ്. 21 ഭീകര ക്യാമ്പുകളാണ് തകർത്ത് തരിപ്പണമാക്കിയത്.
പാകിസ്താന്റെ വ്യോമാതിർത്തി ലംഘിക്കാതെ റഫാൽ യുദ്ധ വിമാനങ്ങളും സ്കാൽപ്, ഹാമർ മിസൈലുകളും ഉപയോഗിച്ചായായിരുന്നു കൃത്യവും സൂക്ഷ്മവുമായ ആക്രമണം. ഇന്ത്യയുടെ തിരിച്ചടിയിൽ 26 പേർ മരിക്കുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

