ഇംഗ്ലണ്ടിൽ ഏറ്റവുമധികം കുട്ടികൾക്ക് നൽകിയ പേര് ‘മുഹമ്മദ്’; പുതിയ കണക്കുകൾ പുറത്തുവിട്ട് ഒ.എൻ.എസ്
text_fieldsഎ.ഐ നിർമിത ചിത്രം
ലണ്ടൻ: 2023ൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും നവജാത ശിശുക്കൾക്ക് ഇടുന്ന പേരുകളിൽ ഒന്നാം സ്ഥാനത്ത് പ്രവാചകൻ മുഹമ്മദിന്റെ നാമം. ഓഫിസ് ഫോർ നാഷനൽ സ്റ്റാറ്റിസ്റ്റിക്‌സ് (ഒ.എൻ.എസ്) പുറത്തുവിട്ട പുതിയ കണക്കുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ‘ദി ഗാർഡിയൻ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2016 മുതൽ ആൺകുട്ടികളുടെ ആദ്യ 10 പേരുകളിൽ ‘മുഹമ്മദ്’ ഉണ്ടായിരുന്നു. 2022ൽ രണ്ടാംസ്ഥാനത്തായിരുന്നു ഈ നാമം. നൂഹ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. ഇത്തവണ ഇത് രണ്ടാമതായി. ഒലിവർ മൂന്നാം സ്ഥാനത്തും. പെൺകുഞ്ഞുങ്ങളിൽ ‘ഒലീവിയ’ ആണ് തുടർച്ചയായ എട്ടാം വർഷവും ഏറ്റവും ജനപ്രിയ പേരായി തുടർന്നത്. അമേലിയയും ഇസ്‌ലയും രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനത്തെത്തി.
2023ൽ ഇംഗ്ലണ്ടിലും വെയിൽസിലും 4,661 കുഞ്ഞുങ്ങൾക്കാണ് ‘മുഹമ്മദ്’ (Muhammad) എന്ന് പേരിട്ടത്. 2022ൽ 4,177 കുട്ടികൾക്കാണ് ഈ പേര് വിളിച്ചിരുന്നത്. അതേസമയം, ഇഗ്ലീഷിൽ Muhammad എന്ന പേര് ഒരുപോലെയല്ല എല്ലാവരും എഴുതുന്നത്. ഇതിന്റെ വ്യത്യസ്ത രൂപങ്ങളായ Mohammed 1,601 കുട്ടികൾക്കും (റാങ്കിങ്ങിൽ 28-ാം സ്ഥാനം) Mohammad 835 കുട്ടികൾക്കും (68-ാം റാങ്ക്) നാമകരണം ചെയ്തിട്ടുണ്ട്. ഈ മൂന്ന് പേരുകളും ചേർത്താൽ 7,097 ശിശുക്കൾക്കാണ് ഇസ്‍ലാമിലെ അവസാനപ്രവാചകന്റെ നാമം നൽകിയത്.
എല്ലാവർഷവും ഒ.എൻ.എസ് കുട്ടികളുടെ പേരുകൾ വിശകലനം ചെയ്ത് കണക്ക് പുറത്തുവിടാറുണ്ട്. യു.കെയിലെ ഏറ്റവും ജനപ്രിയവും അല്ലാത്തതുമായ പേരുകൾ ഇതിലൂടെ അറിയാം. ജനന രജിസ്ട്രേഷനിൽ നൽകുന്ന പേരുകളിലെ അക്ഷരങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നൽകുന്നത്. അതിനാൽ തന്നെ, സമാന പേരുകൾ വ്യത്യസ്ത അക്ഷരങ്ങൾ ഉപയോഗിച്ചാണ് എഴുതുന്നതെങ്കിൽ വെവ്വേറെയാണ് കണക്കാക്കുക.
മുൻ വർഷങ്ങളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആൺകുട്ടികളുടെ മികച്ച 100 പേരുകളുടെ പട്ടികയിൽ മുഹമ്മദ് എന്ന അറബി നാമത്തിന്റെ മൂന്ന് വ്യത്യസ്ത രൂപങ്ങൾ ഇടം നേടിയിരുന്നു. എന്നാൽ, ആദ്യമായാണ് ഒരേ അക്ഷരക്രമത്തിലുള്ള നാമം റാങ്ക് പട്ടികയിൽ ഒന്നാമതെത്തുന്നത്. ഇംഗ്ലണ്ടിലെ ഒമ്പത് മേഖലകളിൽ നാലിലും ഏറ്റവും പ്രചാരമുള്ള ആൺകുട്ടികളുടെ പേരാണിത്. വെയിൽസിൽ ഏറ്റവും പ്രചാരമുള്ളതിൽ 63ാം സ്ഥാനമാണുള്ളത്. അതേസമയം, ഇംഗ്ലണ്ടിലെ ഒമ്പത് മേഖലകളിൽ അഞ്ചിലും വെയിൽസിലും ഏറ്റവും പ്രചാരമുള്ള പെൺകുട്ടികളുടെ പേര് ഒലീവിയ തന്നെ. 2006 മുതൽ എല്ലാ വർഷവും പെൺകുട്ടികളുടെ പേരിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇത് ഇടംപിടിച്ചിട്ടുണ്ട്.
പോപ്പ് സംസ്കാരം പേരുകൾ തിരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്തുന്നത് തുടരുന്നതായി ഒ.എൻ.എസ് വക്താവ് ഗ്രെഗ് സീലി പറഞ്ഞു. സംഗീതജ്ഞരുടെ പേരുകളായ ബില്ലി, ലാന, മൈലി, റിഹാന എന്നിവ പെൺകുട്ടികൾക്കും കെൻഡ്രിക്ക്, എൽട്ടൺ എന്നിവ ആൺകുട്ടികൾക്കും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മാർഗോട്ട് റോബി അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമായ ബാർബിയും പേരുകളിൽ സ്വാധീനം ചെലുത്തി. 2022-നെ അപേക്ഷിച്ച് 215 പെൺകുട്ടികൾക്ക് കൂടുതലായി മാർഗോട്ട് എന്ന പേര് നൽകി. ഏറ്റവും ജനപ്രിയമായ 100 പെൺകുഞ്ഞുങ്ങളുടെ പേരുകളിൽ 44-ാം സ്ഥാനത്താണ് ഈ പേര്.
അതേസമയം, രാജകുടുംബത്തിലെ പേരുകൾക്കുള്ള ജനപ്രീതി കുറഞ്ഞു. ജോർജ് എന്ന പേര് 3,494 കുഞ്ഞുങ്ങൾക്കാണ് നൽകിയത്. വില്യം 29-ാം സ്ഥാനത്തും ലൂയിസ് 45-ാം സ്ഥാനത്തും പെൺകുട്ടികളിൽ ഷാർലറ്റ് 23-ാം സ്ഥാനത്തുമെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.