
ഇസ്രായേൽ - ഫലസ്തീൻ സംഘർഷം: മൂന്ന് മുസ്‍ലിം അവതാരകരെ സസ്‍പെൻഡ് ചെയ്ത് എം.എസ്.എൻ.ബി.സി
text_fieldsഗാസയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മൂന്ന് മുസ്‍ലിം അവതാരകരുടെ ഷോകൾ യുഎസ് ന്യൂസ് നെറ്റ്‌വർക്ക് എം.എസ്.എൻ.ബി.സി നിർത്തിവച്ചു. ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ മെഹ്ദി ഹസൻ, അയ്മാൻ മൊഹിയുദ്ദീൻ, അലി വെൽഷി എന്നിവരെ ആങ്കർ കസേരയിൽ നിന്ന് പുറത്താക്കിയതായി സെമാഫോർ റിപ്പോർട്ട് ചെയ്യുന്നു.
മെഹ്‌ദി ഹസന്റെയും അയ്മൻ മോഹിയുദ്ദീന്റെയും പതിവ് പരിപാടികൾ ചാനൽ റദ്ദാക്കിയിട്ടുണ്ട്. ഇസ്രായേൽ റിപ്പോർട്ടർ ആയിരുന്നു അലി വെൽഷി. വെള്ളിയാഴ്ച വരെ അദ്ദേഹം ഹമാസ് മിസൈൽ വീഴുന്ന അശ്കെലോൺ പട്ടണത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ വൈകിട്ടോടെ ജോലി അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ട്.
സെമാഫോർ റിപ്പോർട്ട് പ്രകാരം, അമേരിക്കൻ ന്യൂസ് നെറ്റ്വർക് "ദി മെഹ്ദി ഹസൻ ഷോ" യുടെ വ്യാഴാഴ്ച രാത്രി എപ്പിസോഡ് സംപ്രേഷണം ചെയ്തില്ല, കൂടാതെ വ്യാഴം, വെള്ളി ദിവസങ്ങളിൽ ജോയ് റീഡിന്റെ ഷോ മൊഹിയുദ്ദീനെ കൊണ്ട് ആങ്കർ ചെയ്യിക്കാനുള്ള പദ്ധതിയും അവർ ഉപേക്ഷിച്ചു. വരാനിരിക്കുന്ന വാരാന്ത്യ ഷോകൾക്കായി വെൽഷിക്ക് പകരം മറ്റൊരു അവതാരകനെ നിയമിക്കുന്നുണ്ടെന്നും ചാനലുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
അതേസമയം, “ഹസനെയോ മൊഹിയുദ്ദീനെയോ ഏതെങ്കിലും വിധത്തിൽ മാറ്റിനിർത്തുന്നു’’ എന്ന ആരോപണങ്ങൾ എം.എസ്.എൻ.ബി.സി തള്ളി രംഗത്തുവന്നു. എന്നാൽ, മൂവരെയും സസ്‍പെൻഡ് ചെയ്തതായി ചാനലുമായി ബന്ധപ്പെട്ട രണ്ടുപേർ ‘അറബ് ന്യൂസി’നോട് സ്ഥിരീകരിച്ചിട്ടുണ്ട്.
‘‘എന്താണ് അടുത്തതായി സംഭവിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ ഏറെ അവ്യക്തതയുണ്ട്,” - ഒരാൾ പറഞ്ഞു. ഇപ്പോഴത്തെ മാനസികാവസ്ഥ 9/11 ന് പിന്നാലെ സംഭവിച്ച - ‘നിങ്ങൾ ഞങ്ങൾക്കൊപ്പമാണോ അല്ലെങ്കിൽ ഞങ്ങൾക്ക് എതിരാണോ’ എന്നതിന് സമാനമാണ്, നിർഭാഗ്യവശാൽ, ഇതിപ്പോൾ രാഷ്ട്രീയ വീക്ഷണങ്ങൾക്കപ്പുറത്തേക്ക് പോയി, ഒരു പ്രത്യേക വിശ്വാസത്തിലുള്ള അവതാരകരെ ലക്ഷ്യമിടുകയാണ്,”- അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂസ് നെറ്റ്‌വർക്കിലെ മൂന്ന് അവതാരകരുടെ ഭാവി അവ്യക്തമാണെന്ന് അറബ് ന്യൂസ് ഉറവിടങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
