Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാഹസിക യാത്രകളിൽ എ.ഐയെ കണ്ണടച്ച് വിശ്വസിക്കാമോ? മൗണ്ട് ഷാസ്റ്റയിലെ അപകടം നൽകുന്ന വലിയ മുന്നറിയിപ്പ്

text_fields
bookmark_border
സാഹസിക യാത്രകളിൽ എ.ഐയെ കണ്ണടച്ച് വിശ്വസിക്കാമോ? മൗണ്ട് ഷാസ്റ്റയിലെ അപകടം നൽകുന്ന വലിയ മുന്നറിയിപ്പ്
cancel

കാലിഫോർണിയ: ഗൂഗിൾ ജെമിനിയുടെ യാത്രാനിർദേശങ്ങൾ വിശ്വസിച്ച് അമേരിക്കയിലെ പ്രശസ്തമായ മൗണ്ട് ഷാസ്റ്റ കൊടുമുടി കയറാൻ ശ്രമിച്ച മൂന്ന് കാലിഫോർണിയൻ പർവ്വതാരോഹകർ രാത്രി മുഴുവൻ കൊടുംതണുപ്പിൽ മലമുകളിൽ കുടുങ്ങി. റോസ്‌വില്ലിൽ നിന്നുള്ള തുടക്കക്കാരായ മൂന്ന് യാത്രികരാണ് മൗണ്ട് ഷാസ്റ്റയിലെ 'ക്ലിയർ ക്രീക്ക് റൂട്ട്' വഴി കൊടുമുടിയിലേക്ക് യാത്ര തിരിച്ചത്. യാത്രയുടെ സമയക്രമം, വഴി, കൈയിൽ കരുതേണ്ട ഭക്ഷണം, വെള്ളം തുടങ്ങിയ വിവരങ്ങൾക്കെല്ലാം ഇവർ ഗൂഗിൾ ജെമിനിയെ ആശ്രയിച്ചു.

എട്ടു മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കാമെന്ന് എ.ഐ കണക്കാക്കിയ യാത്രക്കായി ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് ഇവർ മലകയറ്റം ആരംഭിച്ചത്. എന്നാൽ, സഞ്ചരിച്ച വേഗത എ.ഐ കണക്കാക്കിയതിനേക്കാൾ കുറവായിരുന്നു. ഉച്ചക്ക് 12 മണിക്ക് മുമ്പായി യാത്ര അവസാനിപ്പിച്ച് തിരികെ ഇറങ്ങണമെന്ന സുരക്ഷാ മാനദണ്ഡം തെറ്റിച്ച സംഘം, വൈകിട്ട് ഏഴു മണിയോടെയാണ് കൊടുമുടിയിലെത്തിയത്.

മടക്കയാത്ര ഇരുട്ടിലായതോടെ സംഘത്തിന്റെ വഴിതെറ്റി. തുടർന്ന് ഇവർ സഞ്ചരിച്ച് അപകടകരമായ മഡ് ക്രീക്ക് കാനിയൻ താഴ്‌വരയിലേക്ക് എത്തി. അതിനിടയിൽ വഴി കണ്ടെത്താൻ ഉപയോഗിച്ച ഫോണിന്റെ ചാർജ് തീരുകയും സംഘത്തിലൊരാൾക്ക് വീഴ്ചയിൽ മുട്ടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. എ.ഐ നിർദേശിച്ചതനുസരിച്ച് എളുപ്പത്തിൽ ദഹിക്കുന്ന കാർബോഹൈഡ്രേറ്റുകൾ മാത്രമാണ് കൈയിൽ കരുതിയിരുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ ഊർജ്ജം നൽകുന്ന കൊഴുപ്പുള്ള ഭക്ഷണങ്ങളോ, ആവശ്യത്തിന് വെള്ളമോ, രാത്രി തങ്ങാനുള്ള സുരക്ഷാ ഉപകരണങ്ങളോ ഇവരുടെ കൈയിലുണ്ടായിരുന്നില്ല.

ഒടുവിൽ ആ മലയിടുക്കിൽ രാത്രി മുഴുവൻ തങ്ങിയ ഇവരെ പിറ്റേന്ന് രാവിലെ യു.എസ് ഫോറസ്റ്റ് സർവിസ് റേഞ്ചർമാർ എത്തിയാണ് രക്ഷപ്പെടുത്തിയത്. സംഭവം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ എ.ഐ നിർദേശങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ചൂടുപിടിക്കുകയാണ്. 'കാലുകളില്ലാത്ത എങ്ങനെ മലകയറണം എന്ന് ചോദിച്ചാൽ ഇതായിരിക്കും അവസ്ഥ' എന്ന് ചിലർ പരിഹസിച്ചപ്പോൾ, 'എ.ഐ നൽകിയ വിവരങ്ങൾ തെറ്റല്ലെങ്കിലും, ഫോൺ കൈയിൽ പിടിച്ചിരിക്കുന്ന ആളുടെ ശാരീരികക്ഷമത എന്താണെന്ന് മനസ്സിലാക്കാൻ എ.ഐക്ക് കഴിയില്ല' എന്ന് മറ്റുള്ളവർ ചൂണ്ടിക്കാട്ടി. 'സ്വന്തം യുക്തിയും അറിവും ഉപയോഗിക്കുന്നതിന് പകരം എ.ഐയെ അമിതമായി വിശ്വസിച്ചതാണ് തങ്ങൾക്ക് പറ്റിയ വലിയ പിഴവ്' എന്ന് രക്ഷപ്പെട്ട പർവ്വതാരോഹകരും പിന്നീട് സമ്മതിക്കുകയുണ്ടായി.

സംഭവം അങ്ങ് അമേരിക്കയിലാണെങ്കിലും 'മണാലിയിലേക്ക് മൂന്ന് ദിവസത്തെ ട്രെക്കിങ് എങ്ങനെ പ്ലാൻ ചെയ്യാം' എന്ന് എ.ഐയോട് ചോദിക്കുന്ന ഇന്ത്യക്കാരും കുറവല്ല. ഇത്തരം യാത്രാനിർദേശങ്ങൾക്ക് എ.ഐ ചാറ്റ്‌ബോട്ടുകളെ ആശ്രയിക്കുന്നത് ഇന്നു പലരുടെയും പതിവാണ്. എന്നാൽ, ഒരു ഡിജിറ്റൽ ചാറ്റ്‌ബോട്ടിന് മലനിരകളുടെ യഥാർഥ കാഠിന്യവും അപകടസാധ്യതകളും തിരിച്ചറിയാൻ കഴിയില്ലെന്നതിന്റെ തെളിവാണ് അമേരിക്കയിൽ നടന്ന ഈ സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mount Shasta Accident Warns Against Blind Trust in AI
Next Story