തണലില്ലാത്ത ടെന്റുകളിൽ കുഞ്ഞുങ്ങളുടെ ജീവനുവേണ്ടി പൊരുതുന്ന ഗസ്സയിലെ അമ്മമാർ
text_fieldsഗസ്സയിൽ തുടരുന്ന യുദ്ധവും അതോടനുബന്ധിച്ചുണ്ടായ കടുത്ത പ്രതിസന്ധികളും നവജാത ശിശുക്കളെ മുലയൂട്ടാനും സംരക്ഷിക്കാനും പാടുപെടുന്ന അമ്മമാരുടെ ജീവിതം ദുരിതക്കയത്തിലാക്കുന്നു. വടക്കൻ ഗസ്സയിൽ നിന്നും പലായനം ചെയ്ത് അഭയം തേടേണ്ടിവന്ന 38 കാരിയായ ഇമാൻ ഹുനൈദ്ക് എന്ന മൂന്ന് കുട്ടികളുടെ അമ്മയുടെ അനുഭവം ഈ ദാരുണ യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചയാണ്. ആരോഗ്യപ്രശ്നങ്ങൾ കാരണം നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇമാന് കുഞ്ഞ് പിറന്നത്. എന്നാൽ അപര്യാപ്തമായ പോഷകാഹാരവും ആവശ്യമായ ചികിത്സാസൗകര്യങ്ങളുടെ കുറവും കാരണം മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത്.
പ്രസവത്തിനുശേഷം കുഞ്ഞിനെ മുലയൂട്ടുന്നതിൽ ഇമാൻ കടുത്ത ബുദ്ധിമുട്ടുകൾ നേരിട്ടു. സ്തനങ്ങളിൽ വേദനയേറിയ വിള്ളലുകൾ രൂപപ്പെട്ടെങ്കിലും, ഗസ്സയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ കാരണം ആവശ്യമായ ചികിത്സാ ലോഷനുകളോ ഔഷധങ്ങളോ കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ല. ഒടുവിൽ ഡീർ അൽ-ബലാഹിലെ ഹിക്ർ അൽ-ജമേ ആരോഗ്യ കേന്ദ്രത്തിലെ 'മദർ ആൻഡ് ചൈൽഡ് കോർണർ' നൽകിയ വിദഗ്ദ്ധ പിന്തുണയാണ് ഇമാന് ഒട്ടേറെ ആശ്വാസമായത്.
മാസത്തിൽ ഏകദേശം 400 മുതൽ 500 വരെ സ്ത്രീകൾക്കാണ് ഈ കേന്ദ്രം മുലയൂട്ടലിനെക്കുറിച്ചുള്ള ശാസ്ത്രീയ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നത്. കടുത്ത പട്ടിണിയും യുദ്ധാന്തരീക്ഷവും മാനസിക സമ്മർദ്ദവും അമ്മമാരുടെ ആരോഗ്യത്തെയും മുലയൂട്ടലിനുള്ള ശാരീരിക ശേഷിയെയും നേരിട്ട് ബാധിക്കുന്നുണ്ടെന്ന് കേന്ദ്രത്തിലെ നഴ്സി മാനേജറും മുലയൂട്ടൽ വിദഗ്ദ്ധയുമായ സബ്രീൻ അൽ-ബുഹൈസി വ്യക്തമാക്കുന്നു. സ്ത്രീകളെ മാത്രം കൗൺസിലിങിന് വിധേയമാക്കുന്നതിന് പകരം, കുടുംബാംഗങ്ങളെയും പങ്കാളികളെയും കൂടെക്കൂട്ടിയാണ് ഇവിടെ ക്ലാസുകൾ നൽകുന്നത് എന്ന പ്രത്യേകതയുമുണ്ട്.
യുദ്ധത്തിനിടയിലും കടുത്ത ദുരിതങ്ങളാണ് ഗസ്സയിലെ ഓരോ അമ്മമാർക്കും അനുഭവിക്കേണ്ടിവന്നിട്ടുള്ളത്. പലായനത്തിനിടയിൽ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നഷ്ടപ്പെട്ട 23 കാരിയായ ഹിബ അൽ-മാസ്രിയുടെ അനുഭവം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. അവൾ ഇപ്പോൾ തന്റെ മൂന്ന് മാസം പ്രായമുള്ള യൂസഫ് എന്ന കുഞ്ഞിനെ സംരക്ഷിക്കാൻ കഠിനമായി പരിശ്രമിക്കുകയാണ്. 15 പേർ അടങ്ങുന്ന വലിയ കുടുംബത്തോടൊപ്പം ഒരു ചെറിയ ടെന്റിൽ കഴിയുന്ന ഹിബയ്ക്ക് ആവശ്യമായ സ്വകാര്യതയോ അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമല്ല. എങ്കിലും ആരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെ മകന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഫോർമുല മിൽക്കിനേക്കാൾ എത്രയോ മികച്ചതാണ് മുലയൂട്ടൽ എന്നും ഹിബ സാക്ഷ്യപ്പെടുത്തുന്നു.
ഗസ്സയിലെ അതിരൂക്ഷമായ ഭക്ഷ്യക്ഷാമവും യാത്രാസൗകര്യങ്ങളുടെ കുറവും അമ്മമാർക്ക് ഇത്തരം ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതിന് വലിയ തടസ്സമാകുന്നുണ്ട്. മാംസവും മത്സ്യവും പഴവർഗ്ഗങ്ങളും സാധാരണക്കാർക്ക് താങ്ങാനാവാത്ത വിലയായതിനാൽ, പയറു വർഗ്ഗങ്ങളും പരിപ്പും പോലുള്ള ലളിതമായ ഭക്ഷണങ്ങൾ കഴിക്കാൻ വിദഗ്ദ്ധർ ഉപദേശിക്കുന്നു. കൂടാതെ കടുത്ത മാനസികാഘാതം അനുഭവിക്കുന്ന സ്ത്രീകൾക്കായി പ്രത്യേക കൗൺസിലിംഗ് സേവനങ്ങളും ഈ കേന്ദ്രം ഉറപ്പാക്കുന്നുണ്ട്.
എന്നാൽ ആരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന പിന്തുണയ്ക്ക് പുറത്തുനിൽക്കുന്ന ദുരിതപൂർണ്ണമായ യാഥാർത്ഥ്യങ്ങളെ പൂർണ്ണമായും മാറ്റാൻ കഴിയുന്നില്ല. ടെന്റുകളിലെ അപര്യാപ്തമായ ശുചിത്വവും, പൊടിയും, പ്രാണികളുടെ ശല്യവും കുഞ്ഞുങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഇരട്ടിയാക്കുന്നു. എങ്കിലും സർവ്വ പ്രതിസന്ധികളെയും തരണം ചെയ്ത് തന്റെ കുഞ്ഞിന് ആവശ്യമായതെല്ലാം നൽകാനുള്ള ഉറച്ച തീരുമാനത്തിലാണ് ഗസ്സയിലെ അമ്മമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

