കപ്പലിൽനിന്നും കടലിലേക്ക് വീണ് നാലുവയസ്സുകാരി, അടുത്ത നിമിഷം വെള്ളത്തിലേക്ക് ചാടി രക്ഷിച്ച് അമ്മ... VIDEO
text_fieldsനസ്സൗ: ക്രൂയിസ് കപ്പലിൽനിന്നും കടലിലേക്ക് വീണ കുഞ്ഞു മകളെ ഉടനെ വെള്ളത്തിലേക്ക് ചാടി രക്ഷിച്ച് അമ്മ. അറ്റ്ലാന്‍റിക് സമുദ്രത്തിലെ ബഹാമാസ് ദ്വീപ് രാജ്യത്തിലാണ് സമൂഹമാധ്യമത്തിൽ വൈറലായ സംഭവം നടന്നിരിക്കുന്നത്.
കാർണിവൽ ക്രൂയിസ് ലൈൻ കമ്പനിയുടെ ഒരു കപ്പൽ നങ്കൂരമിട്ടിരിക്കെയാണ് യാത്രക്കാരിയായ സ്ത്രീയുടെ കുട്ടി കടലിലേക്ക് വീണത്. നാലു വയസ്സുകാരി വെള്ളത്തിൽ പതിച്ചയുടൻ അമ്മ എടുത്തുചാടി. കപ്പലിലുണ്ടായിരുന്ന ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് പേർ കാണുകയും പങ്കുവെക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
കപ്പലിനും ഡോക്കിനും ഇടയിൽ ക്രൂ അംഗങ്ങളും യാത്രക്കാരും കൂടി നിൽക്കുന്നതും ലൈഫ് റിങ് വെള്ളത്തിലേക്ക് താഴ്ത്തുന്നതും വീഡിയോയിൽ കാണാം. നിമിഷങ്ങൾക്കകം കുട്ടിയെ ഉയർത്തി കപ്പലിലെ സുരക്ഷിത സ്ഥാനത്ത് മാറ്റുന്നു. പിന്നാലെ കുട്ടിയുടെ അമ്മയെയും വെള്ളത്തിൽനിന്ന് ഉയർത്തുന്നു. ഇതോടെ അവിടെയുണ്ടായിരുന്നവരെല്ലാം കൈയടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്യുന്നുണ്ട്.
അമ്മയുടെ കണ്ണുവെട്ടിച്ച് ഓടിയ കുട്ടി കടലിലേക്ക് വീഴുകയായിരുന്നെന്ന് കപ്പൽ കമ്പനി യു.എസ്.എ ടുഡേയോട് പറഞ്ഞു. കപ്പലിലെ സുരക്ഷാ സംഘം ഇരുവരെയും വേഗത്തിൽ തന്നെ വെള്ളത്തിൽനിന്നും പുറത്തെടുത്തെന്നും മെഡിക്കൽ സംഘം പരിശോധിച്ചെന്നും അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും കപ്പൽ കമ്പനി അറിയിച്ചു.
സംഭവം എപ്പോഴാണ് നടന്നതെന്നോ കാർണിവൽ ക്രൂയിസ് ലൈനിന്‍റെ ഏത് കപ്പലിലാണ് ഇരുവരും യാത്ര ചെയ്തതെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

