പാക് സൈനിക മേധാവി അസിം മുനീറിനെ വധിക്കാൻ മൊസാദ് ഗൂഢാലോചന നടത്തി? വിവാദമായി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനെ വധിക്കാൻ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ബ്രസീലിയൻ പത്രപ്രവർത്തകനും ജിയോസ്ട്രാറ്റജിക് വിദഗ്ധനുമായ പെപ്പെ എസ്കോബാർ. അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്‌സർലൻഡിൽ നടന്ന സമാധാന സമ്മേളനത്തിനിടെ അസിം മുനീറിനെയും പാക് പ്രതിനിധി സംഘത്തെയും വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടിരുന്നെന്നും, പാകിസ്താൻ ഇന്റലിജൻസ് ഇത് നേരത്തെ തന്നെ ചോർത്തിയിരുന്നെന്നുമാണ് എസ്കോബാർ അവകാശപ്പെടുന്നത്.
ലബനീസ്-ആസ്ട്രേലിയൻ സംരംഭകനും രാഷ്ട്രീയ നിരീക്ഷകനുമായ മാരിയോ നൗഫലിന്റെ പോഡ്കാസ്റ്റ് ചർച്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നെതന്യാഹുവിന്റെ ഉത്തരവ് പ്രകാരം മൊസാദ് ഈ വധശ്രമം ആസൂത്രണം ചെയ്തെന്നും, ഇതിനെക്കുറിച്ച് വിശ്വാസയോഗ്യമായ വിവരം പാക് സൈന്യത്തിന് ലഭിച്ചിരുന്നെന്നുമാണ് എസ്കോബാർ അവകാശപ്പെടുന്നത്. ‘ഞങ്ങളുടെ പ്രതിനിധി സംഘത്തെ തൊട്ടാൽ ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് തന്നെ തുടച്ചുനീക്കും’ എന്ന് പാകിസ്താൻ ഇസ്രായേലിന് കടുത്ത മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വിഷയത്തിൽ പാകിസ്താനോ ഇസ്രായേലോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് പാകിസ്താനിലെ പ്രമുഖ മാധ്യമങ്ങളും സുരക്ഷാ വൃത്തങ്ങളും വ്യക്തമാക്കി. ഈ ആരോപണം തികച്ചും അസംബന്ധവും അർത്ഥശൂന്യവുമായ കെട്ടുകഥയാണെന്ന് പാക് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് മുതിർന്ന മാധ്യമപ്രവർത്തകർ വ്യക്തമാക്കി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും ആസിം മുനീറും അടങ്ങുന്ന പാക് പ്രതിനിധി സംഘത്തിന്റെ സ്വിറ്റ്‌സർലൻഡ് സന്ദർശനം സുഗമമായിരുന്നുവെന്നും യാതൊരുവിധ സുരക്ഷാ ഭീഷണിയും അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലിനെ ഒരു പരമാധികാര രാഷ്ട്രമായി പാകിസ്താൻ അംഗീകരിക്കുന്നില്ല. ലബനാനിലെ ഇസ്രായേൽ സൈനിക നടപടികളെ പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് രൂക്ഷമായി വിമർശിച്ചതും, ഇസ്രായേലിനെ മാനവികതക്ക് ശാപം എന്ന് വിശേഷിപ്പിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി വർധിപ്പിച്ചിട്ടുണ്ട്. പാകിസ്താന്റെ ഇത്തരം നിലപാടുകൾ നിഷ്പക്ഷ മധ്യസ്ഥൻ എന്ന നിലയിലുള്ള അവരുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ഇസ്രായേൽ പ്രതികരിച്ചിരുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പാകിസ്താനും ഖത്തറുമാണ് മധ്യസ്ഥത വഹിക്കുന്നത്. ജനീവ ചർച്ചകളിൽ അമേരിക്കയും ഇറാനും നേരിട്ട് സംസാരിക്കാതെ പാക്, ഖത്തർ മധ്യസ്ഥർ മുഖേനയാണ് ആശയവിനിമയം നടത്തുന്നതെന്ന് പെപ്പെ എസ്കോബാർ വെളിപ്പെടുത്തി. നയതന്ത്ര തലത്തിൽ വലിയ വെല്ലുവിളികൾ നിലനിൽക്കുമ്പോഴാണ് ഇത്തരം ഒരു ആരോപണം പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

