ഇസ്രായേൽ വ്യോമാക്രമണത്തിന് പിന്നാലെ ചർച്ച; മൊസാദ് തലവനും സിറിയൻ വിദേശകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തി
text_fieldsജോർഡൻ: സിറിയയിലെ ഇസ്രായേൽ വ്യോമാക്രമണത്തെത്തുടർന്നുള്ള സംഘർഷങ്ങൾക്ക് അയവുവരുത്താൻ ലക്ഷ്യമിട്ട് ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ തലവൻ റോമൻ ഗോഫ്മാനും സിറിയൻ വിദേശകാര്യ മന്ത്രി അസാദുൽ ശൈബാനിയും കൂടിക്കാഴ്ച നടത്തി. തുടർച്ചയായ ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ശാശ്വതമായ ഒരു സുരക്ഷാ കരാറിലേക്ക് എത്തുന്നതിനുള്ള സാധ്യതകൾ തേടാനുമാണ് ചർച്ച പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
സിറിയയിലെ അബു ദുഹൂർ വ്യോമതാവളത്തിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണമാണ് ഇപ്പോഴത്തെ നയതന്ത്ര നീക്കങ്ങൾക്ക് വഴിവെച്ചത്. സിറിയൻ മണ്ണിൽ തുർക്കിയ സൈന്യത്തിന്റെ സാന്നിധ്യം തടയാനാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ ഈ ആരോപണത്തെ സിറിയയും തുർക്കിയയും ശക്തമായി തള്ളിക്കളഞ്ഞു. സംഭവത്തെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും തമ്മിൽ കടുത്ത വാക്പോര് ഉടലെടുത്തിരുന്നു.
ജോർഡനിൽ വെച്ച് നടന്ന ഈ ഉന്നതതല ചർച്ചയിൽ, സിറിയൻ മണ്ണിൽ തുർക്കിയയുടെ ഇടപെടലുകൾ ഉൾപ്പെടെയുള്ള സൈനിക ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്നതിനായി അമേരിക്കയുടെ മേൽനോട്ടത്തിൽ 'പ്രത്യേക ഓപ്പറേഷൻസ് റൂം' സ്ഥാപിക്കുന്നതിനെക്കുറിച്ച് ഇരുവിഭാഗവും സംസാരിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ തങ്ങളുടെ പരമാധികാരത്തിലും ആഭ്യന്തര കാര്യങ്ങളിലും വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടാണ് സിറിയ ചർച്ചകളിൽ സ്വീകരിച്ചത്.
ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ സ്വന്തം ദേശീയ സൈന്യത്തെ കെട്ടിപ്പടുക്കാനും അന്താരാഷ്ട്ര സഖ്യങ്ങൾ തീരുമാനിക്കാനുമുള്ള പൂർണ അവകാശം സിറിയക്കുണ്ടെന്ന് വിദേശകാര്യ വ്യക്തമാക്കി. ഈ അവകാശങ്ങളെ പരിമിതപ്പെടുത്തുന്ന ഒരു നീക്കവും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ സിറിയ, 2024 ഡിസംബറിൽ ബശ്ശാറുൽ അസദ് ഭരണകൂടത്തിന്റെ വീഴ്ചക്ക് ശേഷം ഇസ്രായേൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറണമെന്നും ആവശ്യപ്പെട്ടു. കൂടാതെ, 1974-ലെ ചരിത്രപരമായ വിഭജന കരാർ പൂർണമായി പുനഃസ്ഥാപിക്കണമെന്നും ഇസ്രായേൽ അധിനിവേശത്തിലായ ഗോലാൻ കുന്നിൻപ്രദേശങ്ങൾ സിറിയയുടെ പരമാധികാരത്തിന് കീഴിലാണെന്നും അവർ വീണ്ടും ഊന്നിപ്പറഞ്ഞു.
അതേസമയം, ചർച്ചകൾ പോസിറ്റീവാണെന്ന് വിലയിരുത്തുമ്പോഴും ഇസ്രായേൽ തങ്ങളുടെ കർശനമായ ‘ചുവപ്പ് രേഖകൾ’ വ്യക്തമാക്കിയിട്ടുണ്ട്. സിറിയയിൽ തുർക്കിയയുടെ സൈനിക സാന്നിധ്യം പൂർണമായും തടയുക, ഗോലാൻ കുന്നുകളോട് ചേർന്നുള്ള സിറിയൻ ഭാഗം സൈനികരഹിത മേഖലയായി നിലനിർത്തുക, ദ്രൂസ് സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുക, ഉയർന്ന ശേഷിയുള്ള തന്ത്രപ്രധാന ആയുധങ്ങൾ സിറിയൻ സൈന്യത്തിന് ലഭിക്കുന്നത് തടയുക എന്നിവയാണ് ഇസ്രായേലിന്റെ പ്രധാന ആവശ്യങ്ങൾ. ഈ ആവശ്യങ്ങളിൽ കൃത്യമായ നയതന്ത്ര നേട്ടങ്ങൾ കൈവരിച്ചാൽ മാത്രമേ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് പിന്മാറുകയുള്ളൂ എന്ന കർശന നിലപാടിലാണ് ഇസ്രായേൽ.
ഇരുരാജ്യങ്ങളും തമ്മിൽ മുൻപ് നടന്ന ചർച്ചകളിൽ ചില സുരക്ഷാ ധാരണകളിൽ എത്തിയിരുന്നെങ്കിലും ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാന് നേരെ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് സമാധാന ചർച്ചകൾ സ്തംഭിക്കുകയായിരുന്നു. അതിനാൽ ഇത്തവണത്തെ ചർച്ചകൾ എത്രത്തോളം വിജയകരമാകുമെന്ന കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സിറിയ സംഘർഷം ഒഴിവാക്കാൻ ആഗ്രഹിക്കുമ്പോൾ ഇസ്രായേൽ കൂടുതൽ കടുത്ത ഉപാധികൾ മുന്നോട്ടുവെക്കാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

