യുക്രെയ്ൻ അനുകൂല ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നു; ആംനസ്റ്റി ഇന്‍റർനാഷനലിന് റഷ്യയിൽ നിരോധനം
text_fieldsമോസ്കോ: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റർനാഷനലിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് റഷ്യ. റൂസോഫോബിയ ആരോപിച്ചും യുക്രെയ്ൻ അനുകൂല ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചുമാണ് റഷ്യ ആംനസ്റ്റിയെ നിരോധിച്ചത്. റഷ്യ വിരുദ്ധ വികാരം പ്രചരിപ്പിക്കുന്നതിനെയാണ് റൂസോഫോബിയ എന്ന് പറയുന്നത്.
ആംനസ്റ്റി ഇന്‍റർനാഷനൽ ലണ്ടൻ ഓഫിസ് ആഗോളതലത്തിൽ റൂസോഫോബിക് പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിക്കുന്നുവെന്ന് റഷ്യൻ പ്രോസിക്യൂട്ടർ ജനറൽ ഓഫിസ് പറഞ്ഞു. യുക്രെയ്ൻ സർക്കാറിന്‍റെ സഹായികൾ ഇതിനായി പണം നൽകുന്നുവെന്നും പറഞ്ഞു.
2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതുമുതൽ ആംനസ്റ്റി നമ്മുടെ രാജ്യത്തെ രാഷ്ട്രീയമായും സാമ്പത്തികമായും ഒറ്റപ്പെടുത്തുന്നതിനും മേഖലയിലെ സൈനിക ഏറ്റുമുട്ടൽ ശക്തമാക്കുന്നതിനുമായി പ്രവർത്തിക്കുന്നുവെന്നും റഷ്യ ആരോപിച്ചു. തീവ്രവാദ സംഘടനകളെ പിന്തുണക്കുന്നു, വിദേശ ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു തുടങ്ങിയ ആരോപണങ്ങളും ആംനസ്റ്റിക്കെതിരെ ഉയരുന്നുണ്ട്.
നടപടി പ്രകാരം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന റഷ്യയിലെ പ്രവർത്തനങ്ങൾ നിർത്തണം. ആംനസ്റ്റിയെ പിന്തുണക്കുന്നവർക്കും ക്രിമിനൽ പ്രോസിക്യൂഷന് വിധേയരാകേണ്ടിവരും. ആംനസ്റ്റിയുടെ റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നവരെയും ഇതിൽ ഉൾപ്പെടുത്താം.
വിയോജിപ്പുകളെ നിശബ്ദമാക്കുന്നതിനുള്ള ശക്തമായ ശ്രമമാണ് റഷ്യയുടെ നടപടിയെന്നാണ് ആംനസ്റ്റി ഇന്റർനാഷനൽ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലമാർഡ് റഷ്യയുടെ നടപടിയിൽ പ്രതികരിച്ചത്.
ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും അന്യായമായി തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനുമായി 1961 ൽ സ്ഥാപിതമായതാണ് ആംനസ്റ്റി ഇന്‍റർനാഷനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

