അക്കങ്ങളായി മാറിയ മനുഷ്യർ; വംശഹത്യ കവർന്നെടുത്തത് പേരുകൾ മാത്രമല്ല, അവരുടെ ഐഡന്റിറ്റി കൂടിയാണ്
text_fieldsഖാൻ യൂനിസ്: ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ അവശിഷ്ടങ്ങളിൽ നിന്ന് സിവിൽ ഡിഫൻസ് കണ്ടെടുത്ത ബ്രേസ്‌ലെറ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കും ചാരക്കൂനകൾക്കും ഇടയിൽ നിന്ന് കണ്ടെടുത്ത ഏതാനും അസ്ഥിക്കഷണങ്ങളും 'അയഹം' എന്ന് എഴുതിയ ഒരു ബ്രേസ്‌ലെറ്റും മാത്രമാണ് കണ്ടെടുത്തത്. യുദ്ധത്തിന്റെ ഭീകരതയിൽ മനുഷ്യന്റെ ഐഡന്റിറ്റി പോലും തിരിച്ചറിയാൻ കഴിയാത്ത വിധം മാഞ്ഞുപോയ ഈ സംഭവം, പ്രശസ്ത ഫലസ്തീനിയൻ എഴുത്തുകാരനും പുലിറ്റ്‌സർ ജേതാവുമായ മുസ്അബ് അബു തൂഹയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.
മരണപ്പെട്ട വ്യക്തി ഒരു യുവാവാണെന്ന മാധ്യമങ്ങളുടെ ഏകപക്ഷീയമായ നിഗമനത്തെ അബു തൂഹ തന്റെ കുറിപ്പിലൂടെ ചോദ്യം ചെയ്തു. മൃതദേഹത്തിന്റെ ഭാഗങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ, ഒരാൾ പുരുഷനാണെന്ന് തീരുമാനിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിക്കുന്നു. ‘ആ ബ്രേസ്‌ലെറ്റ് തന്റെ പ്രതിശ്രുത വരന്റെയോ അല്ലെങ്കിൽ താൻ സ്നേഹിച്ച മറ്റൊരാളുടെയോ പേര് പതിച്ചതായിരുന്നെങ്കിലോ? വെറും അസ്ഥികൾ മാത്രം വെച്ച് ഒരാൾ പുരുഷനാണോ സ്ത്രീയാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കും?’ അബു തൂഹ ചോദിച്ചു.
ആ ചെറിയ ബ്രേസ്‌ലെറ്റ് യുദ്ധത്തിന്റെ തീവ്രതയെ അതിജീവിച്ചത് ഒരുപക്ഷേ മരിച്ചയാളുടെ പേര് വിളിച്ചോതാനായിരിക്കില്ല. മറിച്ച് പ്രിയപ്പെട്ട ഒരാളോടുള്ള തീരാത്ത പ്രണയം വെളിപ്പെടുത്താനായിരിക്കും എന്നാണ് അബു തൂഹ വിശ്വസിക്കുന്നത്. ‘ഒരുപക്ഷേ, താൻ ഏറ്റവും അധികം സ്നേഹിച്ചയാളുടെ പേര് തന്റെ കൈത്തണ്ടയിൽ കൊണ്ടുനടന്ന ഒരു പെൺകുട്ടിയുടെ അവസാനത്തെ അടയാളമായിരിക്കാം ഇത്,’ അബു തൂഹ പറഞ്ഞു.
തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആ ബ്രേസ്‌ലെറ്റ് ഒരു പ്രണയലേഖനമായി അവിടെ അവശേഷിക്കുന്നുവെന്ന് പറഞ്ഞാണ് അബു തൂഹ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പേരും മേൽവിലാസവും നഷ്ടപ്പെട്ട ഒരു ബ്രേസ്‌ലെറ്റിലൂടെ അദ്ദേഹം ലോകത്തോട് പറയുന്നത് ഒന്നുമാത്രം. ‘യുദ്ധം തകർക്കുന്നത് വെറും കെട്ടിടങ്ങളെ മാത്രമല്ല, അതിൽ കുടുങ്ങിയിരിക്കുന്ന പ്രണയങ്ങളെയും സ്വപ്നങ്ങളെയും കൂടിയാണ്.’
യുദ്ധം മനുഷ്യനെ വെറും അക്കങ്ങളായും തിരിച്ചറിയപ്പെടാത്ത അവശിഷ്ടങ്ങളായും ചുരുക്കുമ്പോൾ, അബു തൂഹയുടെ ഈ വരികൾ മരണപ്പെട്ടവർക്ക് മുകളിൽ മരിച്ചവർക്ക് ഒരു വ്യക്തിത്വം തിരികെ നൽകാനുള്ള ശ്രമമാണ്. മാധ്യമങ്ങൾ വാർത്തകൾക്ക് പിന്നിലെ മനുഷ്യനെ കാണാതെ പോകുമ്പോൾ, നഷ്ടപ്പെട്ട ഓരോ ജീവനും ഓരോ കഥ പറയാനുണ്ടെന്ന് ഓർമിപ്പിക്കുകയാണ് പുലിറ്റ്‌സർ ജേതാവ് കൂടിയായ മസ്അബ് അബു തൂഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

