3000 കാറുകളുമായി പോയ കപ്പൽ തീപിടിച്ച് അലാസ്ക കടലിൽ ഉപേക്ഷിച്ചു; ആറ് ദിവസമായിട്ടും തീയണഞ്ഞില്ല
text_fieldsവാഷിങ്ടൺ ഡി.സി: ചൈനയിൽ നിന്ന് മെക്സിക്കോയിലേക്ക് 3000 ഇലക്ട്രിക് കാറുകളുമായി പോകുന്നതിനിടെ അലാസ്ക കടലിൽ കപ്പലിന് തീപിടിച്ചു. ജൂൺ മൂന്നിനുണ്ടായ സംഭവത്തെ തുടർന്ന് ഉപേക്ഷിച്ച കപ്പലിലെ തീ ആറ് ദിവസമായിട്ടും അണക്കാനായില്ല.
മോണിങ് മിഡാസ് എന്ന കപ്പലിനാണ് തീപിടിച്ചത്. 22 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. തീയണക്കാൻ സാധിക്കാതായതോടെ അലാസ്കയുടെ സമുദ്രാതിർത്തിയിൽ അല്യൂഷ്യൻ ദ്വീപുകൾക്ക് സമീപത്തായി കപ്പൽ ഉപേക്ഷിച്ച് ജീവനക്കാർ രക്ഷപ്പെട്ടിരുന്നു.
കപ്പലിലെ 3000 കാറുകളിൽ 70 ഇലക്ട്രിക് കാറുകളും 680 ഹൈബ്രിഡ് കാറുകളുമാണുള്ളത്. ഇവയുടെ ലിഥിയം-അയൺ ബാറ്ററികളിലേക്ക് തീപടർന്നതാണ് അപകടം ഇത്രയേറെ രൂക്ഷമാകാനെന്നാണ് വിലയിരുത്തൽ. കപ്പലിൽ 350 മെട്രിക് ടൺ ഗ്യാസ് ഫ്യൂവലും 1530 മെട്രിക് ടൺ സൾഫർ ഫ്യൂവലും അവശേഷിക്കുന്നുണ്ട്.
യു.എസ് കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തിലാണ് ദിവസങ്ങളായി രക്ഷാപ്രവർത്തനം തുടരുന്നത്. ഇതിനായി നിരവധി കപ്പലുകളും ടഗ് കപ്പലും സ്ഥലത്തുണ്ട്. ഹെലികോപ്റ്ററുകളും നിരീക്ഷണം നടത്തുന്നുണ്ട്. സ്ഥലത്ത് ഇതുവരെ കടൽ മലിനീകരണത്തിന്‍റെ ലക്ഷണങ്ങളുണ്ടായിട്ടില്ലെന്നും ദിവസങ്ങളായി കത്തുകയാണെങ്കിലും കപ്പലിന്‍റെ വെള്ളത്തിലെ നിൽപ്പ് സാധാരണഗതിയിലാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.
2006ൽ നിർമിച്ച, ലൈബീരിയൻ കൊടിവെച്ച കപ്പലാണ് മോണിങ് മിഡാസ്. മേയ് 26നാണ് 3000ലേറെ കാറുകളുമായി ചൈനയിൽ നിന്ന് പുറപ്പെട്ടത്. ജൂൺ 15നായിരുന്നു മെക്സിക്കോയിലെത്തേണ്ടിയിരുന്നത്. മാരിടൈം വിദഗ്ധരുമായും സ്ഥാപനങ്ങളുമായും ചേർന്ന് രക്ഷാപ്രവർത്തനം ആസൂത്രണംചെയ്യുകയാണെന്ന് യു.എസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.