ഗസ്സ യുദ്ധത്തിനുശേഷം മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയത് 80,000ത്തിലധികം ഇസ്രായേലി സൈനികർ
text_fieldsടെൽ അവീവ്: രണ്ടു വർഷം മുമ്പ് ഗസ്സയിൽ വംശഹത്യാ യുദ്ധം ആരംഭിച്ചതിനുശേഷം മാനസിക വൈകല്യങ്ങൾക്ക് ചികിത്സ തേടുന്ന ഇസ്രായേലി സൈനികരുടെ എണ്ണം കുത്തനെ വർധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ.
2023 ഒക്ടോബർ 7ന് ശേഷം 62,000ത്തോളം മാനസിക പ്രശ്ന കേസുകൾ ചികിത്സിച്ചുവെന്നും ഈ കണക്ക് നിലവിൽ 85,000 ആയി ഉയർന്നതായും മന്ത്രാലയത്തിന്റെ പുനഃരധിവാസ വകുപ്പിന്റെ ഡെപ്യൂട്ടി മേധാവി തമർ ഷിമോണി ആർമി റേഡിയോയോട് പറഞ്ഞു. ഇത് അഭൂതപൂർവമായ വർധനവാണെന്നും പറഞ്ഞു.
ഒക്ടോബർ 7 ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങൾ ഇസ്രായേലി സൈനികരിൽ മൂന്നിലൊന്ന് പേർ നേരിടുന്നു. ഒരൊറ്റ തെറാപ്പിസ്റ്റ് ഇപ്പോൾ 750 രോഗികളെ വരെ കൈകാര്യം ചെയ്യാൻ നിർബന്ധിതയാവുന്നുവെന്നും ചില പ്രദേശങ്ങളിൽ അതിലും കൂടുതലാണെന്നും ഷാമോണി പറഞ്ഞു. ഇത് പരിചരണം ആവശ്യമുള്ള എല്ലാവരെയും വേഗത്തിൽ ബന്ധപ്പെടൽ ബുദ്ധിമുട്ടിലാഴ്ത്തുന്നു.
കഴിഞ്ഞ നവംബറിൽ, ‘യെദിയോത്ത് അഹ്‌റോനോത്ത്’ എന്ന പത്രം ഇസ്രായേലിൽ വ്യാപകമായ മാനസിക പ്രതിസന്ധി റിപ്പോർട്ട് ചെയ്തിരുന്നു. വർധിച്ചുവരുന്ന മയക്കുമരുന്ന് ആസക്തിയുമുണ്ട്. സൈനികർ ഉൾപ്പടെ 20 ലക്ഷത്തോളം ആളുകൾക്ക് മാനസികാരോഗ്യ സഹായം ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
സൈന്യത്തിനുള്ളിൽ ആത്മഹത്യകൾ വർധിച്ചതായി നിരവധി ഇസ്രായേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. യുദ്ധാനന്തര സമ്മർദം അനുഭവിച്ച ഒരു സൈനികനും ഒരു റിസർവ് ഓഫിസറും ആത്മഹത്യ ചെയ്തതായി മാരിവ് പത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ഇസ്രായേലി സൈനിക ഡാറ്റ പ്രകാരം 18 മാസത്തിനിടെ സൈന്യത്തിൽ 279 ആത്മഹത്യാ ശ്രമങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 36 പേർ മരിച്ചു.
2023 ഒക്ടോബർ മുതൽ ഗസ്സയിൽ ഇസ്രായേൽ 70,000ത്തിലധികം ആളുകളെയാണ് കൊന്നത്. കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 171,000ത്തിലധികം പേർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

