ബലാത്സംഗം ചെയ്യിക്കാൻ 70ലധികം പേരെ എത്തിച്ചു; ഭർത്താവിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വയോധിക
text_fieldsപ്രതിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം
പാരിസ്: ഓൺലൈനിലൂടെ 70ലധികം പേരെ റിക്രൂട്ട് ചെയ്ത് ഭർത്താവ് തന്നെ ബലാത്സംഗം ചെയ്യിച്ചെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വയോധിക. പാരിസിലെ 70കാരിയാണ് ഫ്രാൻസിലെ വൈദ്യുതി ഉൽപാദകരായ ഇ.ഡി.എഫിലെ മുൻ ജീവനക്കാരനായ 71കാരനെതിരെ രംഗത്തെത്തിയത്. തനിക്ക് അമിതമായ അളവിൽ മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷമായിരുന്നു ഇങ്ങനെ ചെയ്തിരുന്നതെന്നും വയോധിക കോടതിയെ അറിയിച്ചു. 10 വർഷത്തിലധികം ഇത് തുടർന്നെന്നും മയക്കം കാരണം ഇതറിഞ്ഞിരുന്നില്ലെന്നും ഇവർക്കായി ഹാജരായ അഭിഭാഷകൻ അന്റോയിൻ കമ്യൂ വാർത്ത ഏജൻസിയായ എ.എഫ്.സിയോട് വെളിപ്പെടുത്തി. 68ാം വയസ്സിലാണ് അവർ ഇക്കാര്യം കണ്ടെത്തിയതെന്നും ഇതോടെ 50 വർഷം ഒരുമിച്ചു ജീവിച്ച ഭർത്താവിനെ നേരിടാൻ അവർ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2011ൽ ദമ്പതികൾ പാരിസിൽ കഴിയുന്നതിനിടെയാണ് സംഭവം തുടങ്ങിയത്. രണ്ട് വർഷത്തിന് ശേഷം മസാനിലേക്ക് മാറിയപ്പോഴും ഇത് തുടർന്നു. ഒരു വെബ്സൈറ്റ് വഴിയാണ് ഭർത്താവ് ആളുകളെ കണ്ടെത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ലൈംഗികാതിക്രമം നടത്തുമ്പോൾ ഭാര്യയെ ഉണർത്തരുതെന്നും ആഫ്റ്റർഷേവിന്റെയോ സിഗരറ്റിന്റെയോ ഗന്ധം പാടില്ലെന്നും പ്രതി നിർദേശിച്ചിരുന്നു. അവളെ തൊടുന്നതിന് മുമ്പ് കൈ ചൂടുപിടിപ്പിക്കാനും അടുക്കളയിൽവെച്ച് വസ്ത്രം ഊരാനും നിർദേശമുണ്ടായിരുന്നു. അതിക്രമം റെക്കോഡ് ചെയ്തിരുന്ന ഭർത്താവ് മോശം വാക്കുകൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ചിരുന്നെന്നും അഭിഭാഷകർ ആരോപിച്ചു.
2020 സെപ്റ്റംബറിൽ, ഒരു ഷോപ്പിങ് സെന്ററിൽ വെച്ച് മൂന്ന് സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിക്കുന്നത് പിടികൂടിയതോടെയാണ് ഭർത്താവിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇയാളുടെ കമ്പ്യൂട്ടർ പരിശോധിച്ചപ്പോൾ ഭാര്യയെ മറ്റുള്ളവർ ബലാത്സംഗം ചെയ്യുന്നതുൾപ്പെടെ ആയിരക്കണക്കിന് ചിത്രങ്ങളും വിഡിയോകളുമാണ് കണ്ടെത്തിയത്. ഇവയിലെല്ലാം ഭാര്യ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലായിരുന്നു.
92 കേസുകളിലായി 72 പുരുഷന്മാരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 51 പേരെ പിടികൂടുകയും ചെയ്തു. പ്രതികളെല്ലാം 21 മുതൽ 68 വരെ പ്രായമുള്ളവരാണ്. ഇവരിൽ കമ്പനി എക്സിക്യൂട്ടീവും ഡ്രൈവറും മാധ്യമപ്രവർത്തകനും ഫയർ ഓഫിസറുമെല്ലാമുണ്ട്. കേസിന്റെ വിചാരണ ഡിസംബർ വരെ നീളും. പ്രതിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് വിചാരണ കോടതിക്ക് മുമ്പിൽ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

