യെമനിൽ അഭയാർഥികളുമായി പോയ ബോട്ട് മുങ്ങി 68 പേർ മരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: യെമനിൽ അഭയാർഥികളുമായി പോയ ബോട്ട് മുങ്ങി 68 പേർ മരിച്ചു. 74 പേരെ കാണാതായിട്ടുണ്ട്. യുണൈറ്റ് നേഷൻസ് അഭയാർഥി ഏജൻസിയാണ് ബോട്ട് മുങ്ങിയ വിവരം അറിയിച്ചത്. ആഫ്രിക്കൻ വംശജരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. 14 പേർ ബോട്ടിൽ നിന്നും രക്ഷപ്പെട്ടുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ ഏജൻസി തലവൻ അബ്ദുസത്താർ ഇസോവാണ് ബോട്ട് മുങ്ങിയ വിവരം അറിയിച്ചത്. 154 എത്യോപക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. യെമനിലെ അബയാൻ പ്രവിശ്യയിലാണ് ബോട്ട് മുങ്ങിയത്.
ഇതിൽ 54 പേരുടെ മൃതദേഹം ഖാൻഫാർ ജില്ലയിൽ നിന്നാണ് കണ്ടെത്തിയത്. 14 പേരുടെ മൃതദേഹങ്ങൾ യെമനിലെ വിവിധ തീരങ്ങളിലാണ് അടിഞ്ഞത്. ഈ മൃതദേഹങ്ങൾ വിവിധ ആശുപത്രികളിലേക്ക് മാറ്റി. നേരത്തെ 54 പേർ മരിച്ചുവെന്നാണ് യെമൻ ആരോഗ്യവകുപ്പ് അധികൃതർ ആദ്യം അറിയിച്ചത്.
സൊമാലിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആഫ്രിക്കൻ പൗരൻമാരാണ് യെമനിലേക്ക് എത്തുന്നത്. ഈ രാജ്യങ്ങളിലെ ആഭ്യന്തര സംഘർഷങ്ങളാണ് അവരെ പലായനത്തിന് പ്രേരിപ്പിക്കുന്നത്. യെമനിലെത്തി മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന നിരവധി ആഫ്രിക്കൻക്കാരുമുണ്ട്.
2024ൽ 60,000 പേർ യെമനിലെത്തിയെന്നാണ് കണക്കുകൾ. 2023ൽ 97,200 പേരാണ് യെമനിലെത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ യെമനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 558 പേരാണ് മരിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 2082 പേർ ഇത്തരത്തിൽ മരിച്ചിരുന്നു. നിലവിൽ മൂന്ന് ലക്ഷത്തിലേറെ അഭയാർഥികൾ യെമനിലുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

