ട്രംപ് പറഞ്ഞ വെടിനിർത്തൽ എവിടെ? ഇസ്രായേൽ ഗസ്സയിൽ ഇന്നും കൊലപ്പെടുത്തി 43 പേരെ
text_fieldsഖാൻ യൂനിസിൽ ഇസ്രായേൽ ആക്രമണത്തിൽ തകർത്ത അഭയാർഥി ടെന്‍റുകൾക്കരികിൽ ഫലസ്തീനി ബാലൻ
ഗസ്സ സിറ്റി: ഗസ്സയിൽ വെടിനിർത്തലിന് ധാരണയായെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ സൈന്യം. ഇന്ന് രാവിലെ മുതൽ വിവിധയിടങ്ങളിലായി 43 പേരെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ കുറഞ്ഞത് 250 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ നിരവധി പേരെ കൊലപ്പെടുത്തിയത് ഇസ്രായേലിന്‍റെയും യു.എസിന്‍റെയും നേതൃത്വത്തിലുള്ള സഹായ വിതരണ ഏജൻസിയായ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിൽ (ജി.എച്ച്.എഫ്) സഹായം കാത്തുനിൽക്കുന്നതിനിടെയാണ്.
ഗസ്സയിൽ 60 ദിവസത്തെ വെടിനിർത്തലിന്റെ അന്തിമ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായാണ് ഡോണൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടത്. നിർദേശങ്ങൾ ഹമാസ് അംഗീകരിക്കുന്നതോടെ ഗസ്സയിൽ താത്ക്കാലിക വെടിനിർത്തൽ നിലവിൽ വരുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
'എന്റെ പ്രതിനിധികൾ ഇസ്രായേൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട്. ചർച്ചയുടെ ഭാഗമായി ഇസ്രായേൽ 60 ദിവസത്തെ വെടിനിർത്തൽ അംഗീകരിച്ചിട്ടുണ്ട്. സമാധാനം നിലനിർത്താൻ ഖത്തറും ഈജിപ്തും ശക്തമായി പ്രവർത്തിച്ചതിനാൽ പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് ഇതൊരു നല്ല തീരുമാനമാണ്. നിർദേശം ഹമാസ് കൂടെ അംഗീകരിക്കുന്നതോടെ ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും' -ട്രംപ് പറഞ്ഞു.
ഗസ്സയിൽ പലയിടത്തും ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ്. മാസങ്ങൾ നീണ്ട പലായനത്തിനൊടുവിൽ വെടിനിർത്തൽ നിലവിൽ വന്നപ്പോൾ തിരികെയെത്തിയ ജനങ്ങളോടാണ് വീണ്ടും പലായനത്തിന് ഉത്തരവിട്ടിരിക്കുന്നത്. വടക്കൻ ഗസ്സയിൽനിന്നും മധ്യ ഗസ്സയിൽനിന്നും വീടുവിട്ടുപോകാനാണ് ഇസ്രായേലിന്‍റെ മുന്നറിയിപ്പ്. എല്ലാവരും തെക്കൻ ഗസ്സയിലെ അൽമവാസിയിലേക്ക് നാടുവിടണമെന്നുമാണ് അന്ത്യശാസനം.
അതിനിടെ, ഗസ്സയിൽ യു.എൻ ഏജൻസിയെ നിരോധിച്ച് പകരം യു.എസ് പിന്തുണയോടെ ഇസ്രായേൽ ഏർപ്പെടുത്തിയ ഭക്ഷണ വിതരണ ഏജൻസിയായ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ പൂട്ടണമെന്ന ആവശ്യവുമായി 130ലേറെ സന്നദ്ധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഒരു മാസത്തിനിടെ ജി.എച്ച്.എഫ് കേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തിയ 500ലേറെ ഫലസ്തീനികളെയാണ് ഇസ്രായേൽ സേന കൊലപ്പെടുത്തിയത്.
ഭക്ഷണത്തിനായി വരിനിൽക്കുന്ന കുരുന്നുകളെയടക്കം ഇസ്രായേൽ സേന പതിവായി വെടിവെച്ചുകൊല്ലുന്നത് തുടരുകയാണെന്ന് ആംനെസ്റ്റി, ഓക്സ്ഫാം, സേവ് ദ ചിൽഡ്രൻ ഉൾപ്പെടെയുള്ള സംഘടനകൾ കുറ്റപ്പെടുത്തി. 400 ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ പൂട്ടി പകരം മേയ് 26നാണ് ജി.എച്ച്.എഫ് നാല് കേന്ദ്രങ്ങൾ ഗസ്സയിൽ ഭക്ഷണ വിതരണം ഏറ്റെടുത്തത്. മാനുഷിക സഹായത്തിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് സംഘടനകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

