പരിക്കേറ്റ 20,000ത്തിലധികം പേർ ഇപ്പോഴും ഗസ്സയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
text_fieldsഗസ്സ: സമാനതകളില്ലാതെ തുടരുന്ന ഇസ്രായേൽ നരനായാട്ടിനിടെ കുട്ടികളും സ്ത്രീകളുമടക്കം പരിക്കേറ്റ 20,000ത്തിലധികം പേർ ഇപ്പോഴും ഗസ്സയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പറയുന്നതനുസരിച്ച് വിദേശ പാസ്‌പോർട്ട് ഉള്ളവരെയും ഗുരുതരമായി പരിക്കേറ്റ ഫലസ്തീൻകാരെയും അതിർത്തി കടന്ന് ഈജിപ്തിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടും 20,000ത്തിലധികം പരിക്കേറ്റ ആളുകൾ ഗസ്സ മുനമ്പിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പ്രവർത്തകർ ഇപ്പോഴും പ്രദേശത്ത് സന്നദ്ധ പ്രവർത്തനം നടത്തുന്നുണ്ട്. ആളുകളെ ഒഴിപ്പിക്കാനും വെടിനിർത്തലിനും കൂടുതൽ സഹായം അനുവദിക്കാനും ക്രമീകരണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.
പരിക്കേറ്റവർക്ക് ആവശ്യമായ മരുന്നുകളും മറ്റു ചികിത്സാ സാമഗ്രികളും ലഭ്യമല്ല. ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ മിക്ക ആശുപത്രികളും തകർക്കപ്പെടുകയോ അടച്ചു പൂട്ടുകയോ ചെയ്തിട്ടുണ്ട്. രോഗികൾ മിക്കവരും അത്യാസന്ന നിലയിലാണെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു. അതിനിടെ, ഫലസ്തീൻ അഭയാർത്ഥികളെ സഹായിക്കാൻ പ്രവർത്തിക്കുന്ന യു.എൻ ഏജൻസിയുടെ തലവൻ ഫിലിപ്പ് ലസാരിനി ബുധനാഴ്ച റഫ ക്രോസിംഗ് വഴി ഗസ്സയിലെത്തി.
ഗസ്സ വിടാൻ ആഗ്രഹിക്കുന്നവർക്ക് കാലതാമസം കൂടാതെ അത് അനുവദിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. . ബുധനാഴ്ച റഫ ക്രോസിംഗ് വഴി 335 വിദേശികളെയും 76 ഗുരുതരമായി പരിക്കേറ്റവരെയും രോഗികളെയും ഈജിപ്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

