24 മണിക്കൂറിനിടെ ഗസ്സയിൽ കൊല്ലപ്പെട്ടത് 200 പേർ; ആക്രമണം ശക്തമാക്കി ഇസ്രായേൽ
text_fieldsഗസ്സ: ഗസ്സ മുനമ്പിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ 201 പേരാണ് ഗസ്സമുനമ്പിൽ കൊല്ലപ്പെട്ടത്. 370 പേർക്ക് ആക്രമണങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലെ ഇസ്രായേൽ അധിനിവേശം 12ാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് ആക്രമണം അവർ കൂടുതൽ കടുപ്പിക്കുന്നത്.
ബുറേജി അഭയാർഥി ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ കുട്ടികളും ഉൾപ്പെടും. ശനിയാഴ്ച വീണ്ടും ജബലിയ അഭയാർഥി ക്യാമ്പിന് നേരെ ആക്രമണം നടത്തി. ഈ ആക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,258 ആയി ഉയർന്നു. 53,688 പേർക്കാണ് പരിക്കേറ്റതെന്നും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലുണ്ടെന്നും സംശയമുണ്ട്.
ഗസ്സയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രായേൽ ആക്രമണം കൂടുതൽ ശക്തമാക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ അധിനിവേശത്തിന് പിന്നാലെ ഗസ്സയിലെ ഇരുപത് ലക്ഷത്തിലേറെ പേർ തെരുവുകളിലെ താൽക്കാലിക ടെന്റുകളിലാണ് കഴിയുന്നത്.
ഗസ്സ സിറ്റിയിൽ ഒരു കുടുംബത്തിലെ 76 പേരെ വെള്ളിയാഴ്ച രാത്രി ഇസ്രായേൽ ബോംബിട്ട് കൊന്നിരുന്നു. മുഗ്റബി കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് പോർവിമാനങ്ങൾ തീതുപ്പിയതിനെ തുടർന്ന് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്നത്. ഐക്യരാഷ്ട്രസഭ ഏജൻസി ഉദ്യോഗസ്ഥൻ ഇസ്സാം അൽ മുഗ്റബിയും ഭാര്യയും അഞ്ച് മക്കളും കൊല്ലപ്പെട്ടവരിലുണ്ട്.
സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ച ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് 75 ദിവസത്തിനിടെ 136 യു.എൻ ഉദ്യോഗസ്ഥർക്കാണ് ഗസ്സയിൽ ജീവൻ നഷ്ടമായതെന്ന് അറിയിച്ചു. യു.എൻ ചരിത്രത്തിലെ ഏറ്റവും വലിയ ആൾനാശമാണിത്. ഭൂരിഭാഗം ഉദ്യോഗസ്ഥർക്കും വീട് നഷ്ടപ്പെട്ടു. ജീവൻ പണയംവെച്ചും ഗസ്സയിൽ രക്ഷാദൗത്യം തുടരുന്നവർക്ക് അദ്ദേഹം അഭിവാദ്യമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

