ഗസ്സ വംശഹത്യ: മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയത് 10,000ത്തിലേറെ ഇസ്രായേൽ സൈനികർ
text_fields(photo: AP Photo / Maya Alleruzzo)
തെൽ അവീവ്: 2023 ഒക്ടോബർ 7ന് ശേഷം ഇതുവരെ ഏകദേശം 20,000 സൈനികർ വൈദ്യസഹായം തേടിയതായും ഇതിൽ പകുതിയിലധികം പേരും മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കാണ് സഹായം തേടിയതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ പുനരധിവാസ വകുപ്പ്. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, യുദ്ധകാലത്ത് പുനരധിവാസ കേന്ദ്രങ്ങളിൽ ചികിത്സ തേടുന്നവരിൽ ഏകദേശം 56 ശതമാനം പേരും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറും മറ്റ് മാനസികാരോഗ്യ അവസ്ഥകളും അനുഭവിക്കുന്നവരാണ്. 20 ശതമാനം പേർ ശാരീരിക പരിക്കുകൾക്കൊപ്പം മാനസികാരോഗ്യ അവസ്ഥകളും അനുഭവിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ആകെ 20,000 പേരിൽ 45 ശതമാനം പേർ ശാരീരികമായി പരിക്കേറ്റവരാണ്. പരിക്കേറ്റവരിൽ 9 ശതമാനം പേർക്ക് മിതമായതോ ഗുരുതരമോ ആയ പരിക്കുകളായിരുന്നു. 56 സൈനികരെ 100 ശതമാനത്തിലേറെ അംഗഭംഗം സംഭവിച്ചവരായി തരംതിരിച്ചിട്ടുണ്ട്. 24 പരിക്കേറ്റവർക്ക് 100 ശതമാനം അംഗഭംഗമുണ്ട്. പരിക്കേറ്റവരിൽ 16 പേർക്ക് പക്ഷാഘാതം സംഭവിച്ചു; 99 പേർ കൃത്രിമ അവയവങ്ങൾ സ്വീകരിച്ച അംഗഭംഗമുള്ളവരാണെന്ന് മന്ത്രാലയം അറിയിച്ചു.
ഓരോ മാസവും യുദ്ധത്തിൽ പരിക്കേറ്റ ഏകദേശം ആയിരത്തോളം സൈനികരെയാണ് പുനരധിവാസ വകുപ്പ് ചികിത്സിക്കുന്നത്. മുൻ യുദ്ധങ്ങളിൽനിന്നടക്കം പുനരധിവാസ വകുപ്പ് ആകെ 81,700 പരിക്കേറ്റ സൈനികരെ പരിചരിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇതിൽ 31,000 പേർ അഥവാ 38% പേർ മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്.
യുദ്ധം നീണ്ടുപോകുന്നതിനാൽ പരിക്കേറ്റവരുടെ എണ്ണത്തിലെ വർധന, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ ചികിത്സ, അവരുടെ ആത്മഹത്യാ ചിന്ത, തെറാപ്പിസ്റ്റുകളുടെ കുറവ് തുടങ്ങിയ പ്രശ്നങ്ങൾ വരും നാളുകളിൽ നേരിടേണ്ടി വരുമെന്നാണ് പുനരധിവാസ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്.
മാർക്കോ റൂബിയോ ഇസ്രായേലിൽ
ജറൂസലം: വടക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നതിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേലിലെത്തി. ഗസ്സയിൽ മുന്നോട്ടുള്ള വഴിയെക്കുറിച്ച് ഇസ്രായേൽ ഉദ്യോഗസ്ഥരിൽനിന്ന് ഉത്തരങ്ങൾ തേടുമെന്ന് യാത്രതിരിക്കുന്നതിന് മുമ്പ് റൂബിയോ പറഞ്ഞു. റൂബിയോ എത്തിയ ദിവസം വടക്കൻ ഗസ്സയിൽ ബഹുനില കെട്ടിടം ഇസ്രായേൽ തകർക്കുകയും കുറഞ്ഞത് 13 ഫലസ്തീനികളെ കൊല്ലുകയും ചെയ്തിരുന്നു. കുടുംബത്തിലെ ആറ് പേരടക്കമാണ് മരിച്ചത്. ദോഹ ആക്രമണം സംബന്ധിച്ച് വെള്ളിയാഴ്ച റൂബിയോയും ട്രംപും ഖത്തർ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

