ഇത്യോപ്യയിൽ വംശീയ ആക്രമണം: 200ലേറെ പേർ കൊല്ലപ്പെട്ടു
text_fieldsആഡിസ് അബബ: ഇത്യോപ്യയിലെ ഒറോമിയ പ്രവിശ്യയിൽ വംശീയ ആക്രമണത്തിൽ 200ലേറെ പേർ കൊല്ലപ്പെട്ടു. ഒറോമ ലിബറേഷൻ സേന (ഒ.എൽ.എ) നടത്തിയതെന്ന് സംശയിക്കുന്ന ആക്രമണത്തിൽ അംഹാര വംശീയരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ 230ലേറെയാണെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. ആക്രമണം സ്ഥിരീകരിച്ച ഒറോമിയ പ്രാദേശിക ഭരണകൂടം പക്ഷേ, മരണസംഖ്യ പുറത്തുവിട്ടിട്ടില്ല.
സർക്കാറിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി അംഹാരയിൽ മൂന്നു പതിറ്റാണ്ട് മുമ്പ് എത്തിയവരാണ് അംഹാരകൾ. ഇവർക്കു നേരെയാണ് ആക്രമണമുണ്ടായത്. മരണസംഖ്യ കുത്തനെ കൂടുമെന്ന് സൂചനയുണ്ട്. പരിസര മേഖലയായ ഉത്തര ടൈഗ്രേയിൽ ഏറെയായി നിലനിൽക്കുന്ന വംശീയ പോര് കഴിഞ്ഞ വർഷത്തോടെ അഫാറിലേക്കും അംഹാരയിലേക്കും പടരുകയായിരുന്നു. രാജ്യത്ത് ഏറ്റവും വലിയ പ്രതിസന്ധിയായി വംശീയ ആക്രമണങ്ങൾ മാറിയിട്ടുണ്ട്. സിവിലിയന്മാരാണ് കൊല്ലപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും.
11 കോടി ജനസംഖ്യയുള്ള ഇത്യോപ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വംശമാണ് അംഹാരകളെങ്കിലും ഒറോമിയയിൽ ഇവർക്കു നേരെ ആക്രമണം പതിവാണ്.