Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിൽ വിശന്നു...

ഗസ്സയിൽ വിശന്നു മരിച്ചത് 100ലേറെ പേർ;​ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇ.യു

text_fields
bookmark_border
ഗസ്സയിൽ വിശന്നു മരിച്ചത് 100ലേറെ പേർ;​ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇ.യു
cancel

ഗസ്സ സിറ്റി: ഗസ്സയിൽ വംശഹത്യക്ക് കൊടുംപട്ടിണി ആയുധമാക്കുന്ന ഇസ്രായേലിനെതിരെ ഭീഷണിയുമായി യൂറോപ്യൻ യൂനിയൻ. പട്ടിണി മൂലം മരണം 100 കടക്കുകയും ആയിരങ്ങൾ മരണമുനമ്പിൽനിൽക്കുകയും ചെയ്യുന്ന റിപ്പോർട്ടുകൾക്കിടെയാണ് നടപടിയെടുക്കുമെന്ന് ഇ.യു മുന്നറിയിപ്പ് നൽകിയത്. ഇതിനു പിന്നാലെ അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി പശ്ചിമേഷ്യയിലേക്ക് പുറപ്പെടുമെന്ന് അറിയിച്ചു.

റോമിൽ ഇസ്രായേൽ നയകാര്യ മന്ത്രി റോൺ ഡെർമറുമായി കൂടിക്കാഴ്ചക്കുശേഷം ദോഹയിലേക്ക് തിരിക്കും. അതേ സമയം, ഇസ്രായേൽ വാക്കു പാലിച്ചില്ലെങ്കിൽ എല്ലാ സാധ്യതകളും മുന്നിലുണ്ടെന്ന് ഇ.യു വിദേശനയ മേധാവി കാജ കല്ലാസ് വ്യക്തമാക്കി. ‘‘അന്നം തേടിയെത്തുന്നവരെ കുരുതി നടത്തുന്നത് ന്യായീകരിക്കാനാകില്ല. ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിൽ കൊല നടത്തുന്നത് അവസാനിപ്പിക്കണം’’- കാജ കല്ലാസ് തുടർന്നു.

ഗസ്സയിൽ അടിയന്തര സഹായമെത്തിക്കണമെന്ന ആവശ്യവുമായി 111 ആഗോള സംഘടനകൾ കൂട്ടായി രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്, ഓക്സ്ഫാം ഇന്റർനാഷനൽ, ആംനസ്റ്റി തുടങ്ങിയ സംഘടനകളാണ് രംഗത്തുള്ളത്. ‘‘ഗസ്സക്ക് പുറത്തെ വെയർഹൗസുകളിൽ, ഗസ്സക്ക് ഉള്ളിൽ പോലും ടൺകണക്കിന് ഭക്ഷണവും ശുദ്ധജലവും മരുന്നും ഇന്ധനവുമാണ് കെട്ടിക്കിടക്കുന്നത്. ജീവകാരുണ്യ സംഘടനകൾ ഇവയുമായി അതിർത്തി കടക്കുന്നത് ഇസ്രായേൽ മുടക്കുകയാണ്. ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന പേരിൽ ഇസ്രായേൽ ഒരുക്കിയ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ മരണക്കെണികളായി മാറുകയാണെന്നും സംഘടനകൾ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ബ്രിട്ടനും കാനഡയുമടക്കം 29 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ, അടിയന്തരമായി കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ഇസ്രായേലിന് കത്തെഴുതിയിരുന്നു. ഗസ്സയിൽ സൈനികർ നടത്തുന്ന കുരുതിക്കൊപ്പം പട്ടിണി മരണവും കുത്തനെ ഉയരുന്നത് ആഗോള തലത്തിൽ ഇസ്രായേലിനെ കൂടുതൽ ഒറ്റപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ആകാശത്ത് തീമഴയായി ബോംബുകളും താഴെ ഭക്ഷണത്തിന് വരിനിൽക്കുന്നവർക്കെതിരെ സൈനിക വെടിയുണ്ടകളുമായി ഇസ്രായേൽ മരണം വർഷിക്കുന്ന ഗസ്സയിൽ ഏറ്റവും വലിയ ഭീഷണിയായി പട്ടിണി മരണം.

രണ്ടു ദിവസത്തിനിടെ 33 പേരാണ് കൊടും പട്ടിണിയിൽ ഭക്ഷണം കിട്ടാതെ മരണത്തിന് കീഴടങ്ങിയത്. ഇവരിൽ 12 കുട്ടികളുമുണ്ട്. ഇതോടെ സമീപ നാളുകളിൽ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 80 കുട്ടികളടക്കം 101 ആയി. ഭക്ഷണം കാത്തുനിൽക്കുന്നവർക്കുനേരെയുള്ള ഇസ്രായേൽ ക്രൂരതകളിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 1,054 ആയി. നിലവിൽ ഗസ്സയുടെ 87.8 ശതമാനം ഭൂമിയും ഇസ്രായേൽ ഒഴിപ്പിക്കൽ ഉത്തരവിന്റെ പരിധിയിലുള്ളതാണ്. അതോടെ, 21 ലക്ഷം ജനസംഖ്യ താമസിക്കുന്നത് 46 ചതുരശ്ര കിലോമീറ്റർ ഭൂമിയിലാണ്. ഇസ്രായേൽ വംശഹത്യയിൽ ഇതുവരെ 59,029 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 72 പേരാണ് കൊല്ലപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsraelstarvationGaza Genocide
News Summary - More than 100 humanitarian groups warn of mass starvation in Gaza
Next Story