മാർജോറി ടെയ്‌ലർ ഗ്രീനിനെ പിന്തുടർന്ന് രാജിക്കൊരുങ്ങി കൂടുതൽ റിപ്പബ്ലിക്കൻമാർ; വരാനിരിക്കുന്നത് സ്ഫോടനാത്മകമായ രാജികൾ?
text_fieldsവാഷിങ്ടൺ: ട്രംപുമായുള്ള അഭിപ്രായ ഭിന്നതക്കൊടുവിൽ രാജിവെച്ച റിപ്പബ്ലിക്കൻ സഭാംഗം മാർജോറി ടെയ്‌ലർ ഗ്രീനിനു പിന്നാലെ മറ്റ് റിപ്പബ്ലിക്കൻമാരും അവരുടെ കാലാവധിയുടെ മധ്യത്തിൽ കോൺഗ്രസിൽ നിന്ന് രാജിവച്ചേക്കുമെന്ന് സൂചന.
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട സർക്കാർ ഫയലുകൾ പുറത്തുവിടുന്നത് ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് ഗ്രീൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചത്. ഈ കോൺഗ്രസ് കാലാവധിയിൽ രാജിവച്ചേക്കാവുന്ന ഒരേയൊരു റിപ്പബ്ലിക്കൻ വ്യക്തി താനായിരിക്കില്ലെന്നും അവർ സൂചിപ്പിച്ചിരുന്നു.
മാർജോറി ടെയ്‌ലർ ഗ്രീനിന്റെ കോൺഗ്രസിൽനിന്നുള്ള അപ്രതീക്ഷിത വിടവാങ്ങൽ ഒരു നിർണായക നിമിഷമായി മാറിയേക്കാമെന്നാണ് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ സ്ഫോടനാത്മകമായ രാജികൾ വരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന ഹൗസ് റിപ്പബ്ലിക്കൻ പറഞ്ഞു. ഇത് ജോർജിയയിലെ തീപ്പൊരിയായ റിപ്പബ്ലിക്ക് അംഗത്തിന്റെ പാത പിന്തുടരാൻ മറ്റ് ഹൗസ് റിപ്പബ്ലിക്കൻമാരെ പ്രേരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ഗ്രീനിന്റെ പ്രഖ്യാപനത്തിനുശേഷം വൈറ്റ് ഹൗസുമായുള്ള സംഘർഷങ്ങൾ കാരണം അംഗങ്ങൾ പുറത്തുപോകാൻ നോക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത മറ്റൊരു കോൺഗ്രസ് അംഗം പറഞ്ഞു. ഇതിന് പരിഹാരമായി ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ ഒന്നും ചെയ്തിട്ടില്ല. ഈ മുഴുവൻ വൈറ്റ് ഹൗസ് ടീമും എല്ലാ അംഗങ്ങളെയും മാലിന്യം പോലെയാണ് പരിഗണിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷമേയുള്ളൂ. ഡെമോക്രാറ്റുകൾക്ക് 213 സീറ്റുകളുണ്ട്. മറ്റ് സഹപ്രവർത്തകരെ നഷ്ടപ്പെട്ടാൽ ട്രംപിന് തന്റെ അജണ്ട നടപ്പിലാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കും. ഇത് ട്രംപ് ഭരണകൂടത്തിലുള്ള റിപ്പബ്ലിക്കൻമാരുടെ വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുകയും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്യും.
ഏതൊക്കെ റിപ്പബ്ലിക്കൻ നേതാക്കൾ കോൺഗ്രസിൽ നിന്ന് രാജിവെക്കുമെന്ന് ഗ്രീനോ അനുബന്ധ വൃത്തങ്ങളോ വ്യക്തമാക്കിയിട്ടില്ല. ‘2024 ലെ തിരഞ്ഞെടുപ്പ് ഉത്തരവിന് അനുസൃതമായ നിയമനിർമാണവുമായി ഞാനും എന്റെ നിരവധി സഹപ്രവർത്തകരും 2025ലേക്ക് ധൈര്യസമേതം നോക്കി. എന്നാൽ വൈറ്റ് ഹൗസിന്റെ പൂർണ്ണ അനുസരണയോടെ സ്പീക്കർ മൈക്ക് ജോൺസൺ എന്നെ പൂർണ്ണമായും മാറ്റിനിർത്തി’യെന്ന് ഗ്രീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

