ബ്രസൽസ്: ഡെൻമാർക്കിൽ കുരങ്ങു രോഗം സ്ഥിരീകരിച്ചതോടെ രോഗ വ്യാപനം നേരിടാൻ വാക്സിനേഷൻ പദ്ധതി തയ്യാറാക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങളോട് യുറോപ്യൻ യൂനിയൻ. വൈറസിന്‍റെ വ്യാപനം തടയുന്നതിന് വാക്സിൻ തന്ത്രം തയാറാക്കാൻ അംഗ രാജ്യങ്ങളോട് ആവശ്യപ്പെടുമെന്ന് യൂറോപ്യൻ യൂനിയൻ വ്യക്തമാക്കി.
കുരങ്ങുപനിക്ക് പ്രത്യേകം വാക്സിനേഷനൊന്നും നിലവിലില്ല. എന്നാൽ നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് പൊട്ടി പുറപ്പെട്ട വസൂരിയെ നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷുകാർക്ക് നൽകി വന്ന വാക്സിൻ ഇതിന് 85 ശതമാനം ഫലപ്രദമാണ്. ഇതിനോടകം ഈ വാക്സിൻ ബ്രിട്ടനിൽ പരീക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുൾപ്പടെ കുരങ്ങുപനി ബാധിച്ച 20 പേരിൽ കുത്തിവെപ്പ് നടത്തി രോഗവ്യാപനം തടയാനുള്ള ശ്രമത്തിലാണ് ആരോഗ്യ വിദഗ്ധർ.
കുരങ്ങുപനിക്കെതിരെ ഒരു റിങ് വാക്സിനേഷൻ തന്ത്രം രൂപീകരിക്കും. ഇതിലൂടെ രോഗവ്യാപനത്തിന്‍റെ തോത് കുറക്കുന്നതിന് വേണ്ടി പ്രതിരോധശേഷിയുള്ളവരുടെ ഒരു ബഫർ രൂപീകരിക്കും. ഇതിന് വേണ്ടി രോഗിയുമായി ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷിക്കേണ്ടി വരും.
രോഗവ്യാപനം രൂക്ഷമായാൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും യാത്രാ നിയന്ത്രണങ്ങളുൾപ്പടെയുള്ളവ കൊണ്ടുവരാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.