പ്രതിശ്രുത വധുവുമൊത്ത് മകന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ; വിശ്വാസ വോട്ടെടുപ്പിൽ തോറ്റു, മംഗോളിയൻ പ്രധാനമന്ത്രിയുടെ കസേര തെറിച്ചു
text_fieldsഉൻബാത്തർ (മംഗോളിയ): പ്രതിശ്രുത വധുവുമൊത്തുള്ള മകന്റെ അവധിക്കാല ഫോട്ടോകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് മംഗോളിയൻ പ്രധാനമന്ത്രിയുടെ സ്ഥാനം പോയി. പൊതുജന രോഷം രൂക്ഷമായതിനെ തുടർന്ന് മംഗോളിയൻ പ്രധാനമന്ത്രി ഒയുൻ-എർഡെൻ രാജിവെക്കുകയായിരുന്നു.
ഒയുൻ-എർഡെന്റെ മകനും പ്രതിശ്രുത വധുവും ആഡംബര ഷോപ്പിങ് നടത്തുന്ന ചിത്രങ്ങളാണ് നെറ്റിൽ വന്നത്. കൂട്ടത്തിൽ നീന്തൽകുള വേഷത്തിലുള്ള ദൃശ്യങ്ങളും പുറത്തുവന്നു. ഈ ഫോട്ടോകൾ രാജ്യത്തെ അഴിമതി വിരുദ്ധ ഏജൻസിയുടെ അന്വേഷണത്തിലേക്ക് നയിച്ചു. പ്രധാനമന്ത്രിയുടെ കുടുംബത്തിന് അത്തരമൊരു ജീവിതശൈലി എങ്ങനെ താങ്ങാനാകുമെന്ന് ജനം ചോദ്യം ചെയ്തു.
നൂറുകണക്കിന് യുവാക്കൾ മംഗോളിയൻ തെരുവുകളിൽ ഒത്തുകൂടി ഒയുൻ-എർഡെന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച പാർലമെന്റിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഒയുൻ-എർഡെൻ പരാജയപ്പെട്ടു. വോട്ട് ചെയ്ത 88 നിയമസഭാംഗങ്ങളിൽ 44 പേർ അദ്ദേഹത്തെ പിന്തുണച്ചു. 126 അംഗ പാർലമെന്റിൽ അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ കുറഞ്ഞത് 64 വോട്ടുകളെങ്കിലും ആവശ്യമായിരുന്നു.
എന്നാൽ, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആരോപണങ്ങൾ രാഷ്ട്രീയ ആക്രമണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഒയുൻ-എർഡെൻ പ്രധാനമന്ത്രിയായതിനുശേഷം രാജ്യത്തെ അഴിമതി സ്ഥിതി കൂടുതൽ വഷളായതായി ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

