‘അമ്മയ്ക്കൊരു കാവൽ മാലാഖയുണ്ടായിരുന്നു’; ന്യൂയോർക്കിലെ വിമാനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് എയർ കാനഡ ജീവനക്കാരി
text_fieldsന്യൂയോർക്ക്: ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ നിന്ന് ജീവനക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട എയർ കാനഡയിലെ ജീവനക്കാരിയായ സോളാഞ്ച് ട്രെംബ്ലേയാണ് മരണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. വിമാനത്തിന്റെ ജമ്പ് സീറ്റിൽ ബെൽറ്റ് ധരിച്ച് ഇരുന്നിരുന്ന സോളാഞ്ച് സീറ്റോടുകൂടി വിമാനത്തിൽ നിന്നും 330 അടി താഴ്ചയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
അപകടത്തിൽ സോളാഞ്ചിന്റെ കാലിന് പരിക്കുണ്ട്. ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുമെന്നാണ് വിവരം. ഇത്ര താഴ്ചയിലേക്ക് വീണിട്ടും ജീവൻ തിരിച്ചുകിട്ടിയത് ദൈവത്തിന്‍റെ അനുഗ്രഹമാണെന്ന് അവരുടെ കുടുംബം പ്രതികരിച്ചു. ‘അമ്മയ്ക്ക് ഒരു കാവൽ മാലാഖ ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നുന്നു’ -സോളാഞ്ചിന്‍റെ മകൾ സാറ മാധ്യമങ്ങളോട് പറഞ്ഞു.
വിമാനം ലാൻഡ് ചെയ്ത ഉടനെ എതിരെ വന്ന ഫയർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വിമാനത്തിൽനിന്ന് പുക ഉയർന്നതിനെത്തുടർന്ന് പരിശോധനയ്ക്കായി പോകുകയായിരുന്ന ഫയർ ട്രക്ക് റൺവേ മുറിച്ചുകടക്കുന്നതിനിടക്കാണ് വിമാനവുമായി കൂട്ടിയിടിച്ചത്. അപകടത്തിന്‍റെ ആഘാതത്തിൽ വിമാനത്തിന്റെ കോക്ക്പിറ്റ് പൂർണമായും തകർന്നു. പിന്നാലെ രണ്ട് പൈലറ്റുമാരും തൽക്ഷണം മരിച്ചു.
അപകടം നടക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് കൺട്രോളർ ഫയർ ട്രക്കിന് മുന്നറിയിപ്പ് നൽകുന്ന ഓഡിയോ ക്ലിപ്പ് എയർ ട്രാഫിക് കൺട്രോൾ പുറത്തുവിട്ടിട്ടുണ്ട്. അപകടത്തിന് ശേഷം ‘എനിക്ക് പിഴവ് പറ്റി’ എന്ന് കൺട്രോളർ ഖേദപൂർവ്വം പറയുന്നത് ക്ലിപ്പിലുണ്ട്.
വിമാനത്തിലുണ്ടായിരുന്ന 72 യാത്രക്കാരെയും നാല് ജീവനക്കാരെയും ഉടൻ പുറത്തെത്തിച്ചു. പരിക്കേറ്റ അഗ്നിശമന സേനാംഗങ്ങളും ചികിത്സയിലാണ്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൺവേയിലെ ഏകോപനത്തിൽ വന്ന പാളിച്ചകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

