‘ഓരോ തുള്ളി രക്തത്തിനും ഇസ്രായേലും യു.എസും വിലയൊടുക്കേണ്ടിവരും...’; ലാരിജാനിയുടെ വധത്തിന് പകരം ചോദിക്കുമെന്ന് മുജ്തബ ഖാംനഈ
text_fieldsതെഹ്റാൻ: സുരക്ഷ മേധാവി അലി ലാരിജാനിയുടെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈ. ഓരോ തുള്ളി രക്തത്തിനും യു.എസും ഇസ്രായേലും വിലയൊടുക്കേണ്ടി വരുമെന്നും നീതി ഉറപ്പാക്കുമെന്നും മുജ്തബ പറഞ്ഞു.
കഴിഞ്ഞ 48 മണിക്കൂറിനിടെ നേതൃനിരയിലെ മൂന്നുപേരെയാണ് ഇറാന് നഷ്ടമായത്. ‘ഓരോ തുള്ളി രക്തത്തിനും വിലയുണ്ട്, അത് യു.എസും ഇസ്രായേലും നൽകേണ്ടിവരും. നീതി ഉറപ്പാക്കും’ -മുജ്തബ പ്രസ്താവനയിൽ അറിയിച്ചു. ലാരിജാനി നേതൃപാടമുള്ള, ദൂരദർശിത്വമുള്ള, ബുദ്ധിമാനായ വ്യക്തിയാണെന്നും നിരവധി മേഖലകളിൽ വൈവിധ്യമാർന്ന അനുഭവങ്ങളുള്ള ആളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അത്തരമൊരു വ്യക്തിയുടെ വധം അദ്ദേഹം എത്ര പ്രധാനപ്പെട്ട ആളായിരുന്നു എന്നും ഇസ്‍ലാമിന്റെ ശത്രുക്കൾക്ക് അദ്ദേഹത്തോടുള്ള വെറുപ്പ് എത്ര ആഴമേറിയതാണ് എന്നും കാണിക്കുന്നതാണെന്ന് മുജ്തബ കുറിപ്പിൽ പറയുന്നു.
ഇസ്‍ലാമിക വ്യവസ്ഥയുടെ വൃക്ഷത്തിന്റെ ചുവട്ടിൽ രക്തം ചൊരിഞ്ഞത് അതിനെ കൂടുതൽ കരുത്തുറ്റതാക്കും. തീർച്ചയായും, ഓരോ തുള്ളി രക്തത്തിനും ഒരു വില ഉണ്ട്, ആ ക്രിമിനൽ കൊലയാളികൾ ഉടൻ തന്നെ വിലയൊടുക്കേണ്ടിവരും. ലാരിജാനിയുടെ ഭാര്യക്കും മക്കൾക്കും സഹോദരനും മറ്റ് ബന്ധുക്കൾക്കും അനുശോചനം അർപ്പിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. സയണിസ്റ്റ് സഖ്യത്തിനെതിരെ ഇറാനിൽനിന്ന് ഉയരുന്ന ഏറ്റവും ശക്തമായ ശബ്ദമായിരുന്നു അലി ലാരിജാനിയുടേത്.
കൂടാതെ, ഇറാൻ ഇന്‍റലിജൻസ് മന്ത്രി ഇസ്മാഈൽ ഖാതിബിനെയും അർധ സൈനിക വിഭാഗമായ ബസീജ് ഫോഴ്സ് കമാൻഡർ ഗുലാം റിസ സുലൈമാനിയെയും വ്യോമാക്രമണത്തിൽ ഐ.ഡി.എഫ് വധിച്ചിരുന്നു.1958ൽ ഇറാഖിലെ നജഫിലാണ് അലി ലാരിജാനി ജനിച്ചത്. പ്രമുഖ മതപണ്ഡിതന്റെ മകൻ. എന്നാൽ, മതപഠനത്തോടൊപ്പംതന്നെ പാശ്ചാത്യ തത്ത്വചിന്തയിലും ശാസ്ത്ര വിഷയങ്ങളിലും അദ്ദേഹം അഗാധമായ അറിവ് നേടി. ഇമ്മാനുവൽ കാന്റ്, ദെക്കാർത്തെ തുടങ്ങിയ ദാർശനികരെക്കുറിച്ച് പുസ്തകങ്ങൾ രചിച്ചു. 1979ലെ ഇസ്‍ലാമിക വിപ്ലവത്തിനു ശേഷം റെവലൂഷനറി ഗാർഡ് കോർപ്സിലും പിന്നീട് സാംസ്കാരിക മന്ത്രിയായും ദീർഘകാലം പാർലമെന്റ് സ്പീക്കറായും പ്രവർത്തിച്ചു.
2015ൽ അമേരിക്കയുമായി ഇറാൻ ഒപ്പുവെച്ച ചരിത്രപരമായ ആണവ കരാർ യാഥാർഥ്യമാക്കുന്നതിൽ ലാരിജാനിയുടെ പങ്ക് വളരെ വലുതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

