Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാന്‍റെ ആണവ-മിസൈൽ...

ഇറാന്‍റെ ആണവ-മിസൈൽ ശേഷി സംരക്ഷിക്കും; അമേരിക്കയുടെ സ്ഥാനം പേർഷ്യൻ ഗൾഫിന്‍റെ അടിത്തട്ടിലെന്നും മുജ്തബ ഖാംനഈ

text_fields
bookmark_border
Mojtaba Khamenei
cancel

തെഹ്റാൻ: അമേരിക്കയുടെ നാണംകെട്ട പരാജയത്തിന് പിന്നാലെ ഹുർമുസ് കടലിടുക്കിൽ ഒരു പുതിയ അധ്യായം പിറന്നിരിക്കുകയാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈ. ഇറാന്റെ ആണവ-മിസൈൽ ശേഷികൾ ദേശീയ സമ്പത്തായി സംരക്ഷിക്കുമെന്നും ഖാംനഈ പ്രസ്താവനയിൽ അറിയിച്ചു.

‘മേഖലയിൽ നടത്തിയ ലോകത്തിലെ ഏറ്റവും വലിയ കടന്നാക്രമണങ്ങൾക്കും സൈനിക നടപടിക്കും, അമേരിക്കയുടെ സ്വന്തം പദ്ധതിയുടെ ലജ്ജാകരമായ പരാജയത്തിനും ഒടുവിൽ രണ്ട് മാസങ്ങൾക്ക് ശേഷം ഇന്ന് പേർഷ്യൻ ഗൾഫിലും ഹുർമുസ് കടലിടുക്കിലും ഒരു പുതിയ അധ്യായം പിറന്നിരിക്കുന്നു’ -മുജ്തബ പറഞ്ഞു. 1622ൽ ഹുർമുസ് കടലിടുക്കിൽനിന്ന് പോർചുഗീസ് സൈന്യത്തെ പുറത്താക്കിയതിന്റെ സ്മരണക്കായി ആഘോഷിക്കുന്ന ദേശീയ പേർഷ്യൻ ഗൾഫ് ദിനത്തിലാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ വഴി ഖാംനഈയുടെ പ്രസ്താവന പുറത്തുവന്നത്.

ഗള്‍ഫ് മേഖലക്ക് അമേരിക്ക ഇല്ലാത്ത ഒരു ഭാവി ഉണ്ടാകും. മേഖലയെ അസ്ഥിരപ്പെടുത്തുന്നത് യു.എസ് സൈനിക സാന്നിധ്യമാണ്. സ്വന്തം സൈനിക താവളങ്ങള്‍ പോലും സംരക്ഷിക്കാന്‍ സാധിക്കാത്ത അമേരിക്ക എങ്ങനെ ഗള്‍ഫിന് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം ചോദിച്ചു. ഫെബ്രുവരി അവസാനം ഇറാനെതിരായ യു.എസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതുമുതല്‍, ഇറാനിയന്‍ സേനകളുടെ അചഞ്ചലമായ, ജാഗ്രതനിറഞ്ഞ, ധീരമായ പോരാട്ടം ഇറാന്‍ ജനത സ്വന്തം കണ്ണുകളാല്‍ കണ്ടു. പേര്‍ഷ്യന്‍ ഗള്‍ഫിന്റെ മണ്ണില്‍ ഏറ്റവും വലിയ അസ്ഥിരതയുണ്ടാക്കുന്നത് അമേരിക്കയുടെ സാന്നിധ്യവും മേഖലയില്‍ കൂടുകൂട്ടാനുള്ള ശ്രമങ്ങളുമാണ്. അമേരിക്കയുടെ പാവ സൈനിക കേന്ദ്രങ്ങള്‍ക്ക് അവരുടെ സുരക്ഷ പോലും ഉറപ്പാക്കാനാകുന്നില്ല. തങ്ങളുടെ ആശ്രിതര്‍ക്ക് അമേരിക്ക ഏതെങ്കിലും തരത്തിലുള്ള സുരക്ഷയൊരുക്കുമെന്ന് പറയുന്നതില്‍ കാര്യമില്ല -ഖാംനഈ പ്രസ്താവനയിൽ പറയുന്നു.

അമേരിക്കക്കാരെ രൂക്ഷമായി വിമർശിച്ച ഖാംനഈ, പേർഷ്യൻ ഗൾഫ് കടലിന്റെ അടിത്തട്ടിലാണ് അവർക്ക് സ്ഥാനമെന്നും പരിഹസിച്ചു. ആണവ, മിസൈല്‍ ശേഷികളെ ഇറാന്‍ ജനത ദേശീയ തലസ്ഥാനം പോലെയാണ് കാണുന്നത്. ജലം, മണ്ണ്, വ്യോമ അതിര്‍ത്തികള്‍ പോലെ അവയെ സംരക്ഷിക്കുമെന്നും ഖാംനഈ വ്യക്തമാക്കി. ഇറാനുമായി ആണവ കരാറിൽ എത്തുന്നതുവരെ ഹുർമുസ് കടലിടുക്കിലെ നാവിക ഉപരോധം തുടരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഖാംനഈയുടെ പ്രതികരണം.

പേർഷ്യൻ ഗൾഫ് മേഖലയുടെ ഉജ്ജ്വലമായ ഭാവി എന്നത് അമേരിക്കയില്ലാത്ത ഒന്നായിരിക്കും, അത് ഇവിടുത്തെ ജനങ്ങളുടെ പുരോഗതിക്കും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ളതായിരിക്കുമെന്നും ഖാംനഈ അറിയിച്ചു.

പുതിയ കരാറിൽ ഒപ്പുവെക്കുന്നതുവരെ നാവിക ഉപരോധം അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് യു.എസ് നീക്കം. ഇറാൻ തുറമുഖങ്ങൾക്കുമേൽ ദീർഘകാല ഉപരോധത്തിന് തയാറെടുക്കാൻ യു.എസ് ഉദ്യോഗസ്ഥർക്ക് ട്രംപ് നിർദേശം നൽകിയതായി അമേരിക്കൻ മാധ്യമമായ വാൾ സ്‍ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വീണ്ടും ബോംബിങ് നടത്തുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ ഉപരോധം നീട്ടലാണ് എളുപ്പമെന്ന് ട്രംപ് വിശ്വസിക്കുന്നു. ചർച്ചകൾ വഴിമുട്ടിയതിനുപിറകെ രണ്ടാഴ്ച മുമ്പാണ് അമേരിക്ക ഇറാൻ തുറമുഖങ്ങൾക്കുമേൽ ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ, ഇറാൻ തുറമുഖങ്ങളിൽനിന്ന് പുറപ്പെടുന്നതോ അവിടേക്കുള്ളതോ ആയ കപ്പലുകൾ മടക്കുകയോ തിരിച്ചയക്കുകയോ ചെയ്തു. ഇറാൻ കപ്പലുകൾ യു.എസും മറ്റുള്ളവയുടേത് ഇറാനും മുടക്കിയതോടെ ഹുർമുസ് വഴി ചരക്കുകടത്ത് ഏകദേശം സമ്പൂർണമായി നിലച്ച നിലയിലാണ്.

ശതകോടികളുടെ എണ്ണ വ്യാപാരം നിലച്ചതോടെ ഇറാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഇറാൻ റിയാൽ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുകയാണ്. ഒരു ഡോളറിന് 18 ലക്ഷം ഇറാൻ റിയാൽ എന്ന നിലയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Strait of HormuzUS Attack on IranIsrael Iran WarMojtaba Khamenei
News Summary - Mojtaba Khamenei says Iran will protect ‘nuclear and missile capabilities’
Next Story