ഫലസ്തീൻ വിദ്യാർഥി യു.എസിൽ അറസ്റ്റിൽ
text_fieldsമുഹ്സിൻ മഹ്ദാവി
വാഷിങ്ടൺ: കൊളംബിയ യൂനിവേഴ്സിറ്റി കാമ്പസിൽ ഫലസ്തീൻ അനുകൂല പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർഥിയെ യു.എസ് ഇമിഗ്രേഷൻ, കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. യു.എസിൽ നിയമപരമായി സ്ഥിര താമസക്കാരനായ ഫലസ്തീൻ വംശജൻ മുഹ്സിൻ മഹ്ദാവിയെയാണ് അറസ്റ്റ് ചെയ്തത്.
മുഹ്സിൻ നിലവിൽ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ലൂണ ഡ്രൂബി പറഞ്ഞു. എന്നാൽ, അദ്ദേഹത്തെ നാടുകടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഫെഡറൽ കോടതിയിൽ ഹരജി നൽകിയതായും അവർ അറിയിച്ചു. ഫലസ്തീൻ വംശജനായതിന്റെയും ഫലസ്തീനുവേണ്ടി വാദിച്ചതിന്റെയും പേരിൽ പ്രതികാര നടപടിയുടെ ഭാഗമായാണ് ട്രംപ് ഭരണകൂടം മുഹ്സിനെ അറസ്റ്റ് ചെയ്തത്. ഫലസ്തീനിലെ അതിക്രമങ്ങൾക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാനുള്ള നീക്കമാണിത്. ഭരണഘടനാ വിരുദ്ധവുമായ നടപടിയാണെന്നും ലൂണ പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പിൽ ജനിച്ച മുഹ്സിൻ 2014ലാണ് യു.എസിലെത്തിയത്. കൊളംബിയ യൂനിവേഴ്സിറ്റിയിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം തുടർപഠനത്തിന് ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. യു.എസ് ഇമിഗ്രേഷൻ വകുപ്പ് നേരത്തേ അറസ്റ്റ് ചെയ്ത മഹമൂദ് ഖലീലിനൊപ്പം ചേർന്ന് കൊളംബിയ യൂനിവേഴ്സിറ്റിയിൽ ഫലസ്തീൻ സ്റ്റുഡൻഡ് യൂനിയൻ രൂപവത്കരിച്ചിരുന്നു മുഹ്സിൻ.
ഫലസ്തീൻ അനുകൂല പ്രതിഷേധം: ഹാർവാഡ് സർവകലാശാല ഫണ്ട് റദ്ദാക്കി ട്രംപ്
ന്യൂയോർക്: പ്രശസ്തമായ ഹാർവാഡ് സർവകലാശാലക്കെതിരെ കടുത്ത നടപടിയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സർവകലാശാലക്ക് നൽകിയിരുന്ന 220 കോടി ഡോളറിന്റെ സാമ്പത്തിക സഹായം സർക്കാർ മരവിപ്പിച്ചു. കാമ്പസിൽ വിദ്യാർഥി പ്രതിഷേധങ്ങൾ അനുവദിക്കരുതെന്ന ഭരണകൂട നിർദേശം സർവകലാശാല തള്ളിയതിനു പിന്നാലെയാണ് നടപടി.
കൂടാതെ, സർവകലാശാലക്ക് നൽകിയിരുന്ന 60 ദശലക്ഷം ഡോളറിന്റെ കരാറും താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. കാമ്പസ് പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സർവകലാശാലക്ക് ഭരണകൂടം കത്ത് നൽകിയിരുന്നു. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഉത്തരവ്. കാമ്പസിൽ മുഖാവരണം അനുവദിക്കരുത്, വിദ്യാർഥികളെയും ജീവനക്കാരെയും ഓഡിറ്റിങ്ങിന് വിധേയമാക്കണം, മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശം അനുവദിക്കണം തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു.
സർക്കാർ നീക്കം സർവകലാശാലയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റവും അവകാശ ലംഘനവുമാണെന്നും ഹാർവാഡ് പ്രസിഡന്റ് അലൻ ഗാർബർ പ്രതികരിച്ചു. സർവകലാശാലയുടെ സ്വയംഭരണത്തിലും ഭരണഘടന അവകാശത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അലൻ വ്യക്തമാക്കി. കാമ്പസിൽ ജൂതവിരുദ്ധത അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.