ഇത്യോപ്യയുമായി പങ്കാളിത്തം ശക്തമാക്കി മോദിയുടെ സന്ദർശനം
text_fieldsഇത്യോപ്യയിൽ സംയുക്ത പാർലമെന്റ് സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേതാക്കൾ സ്വീകരിക്കുന്നു
ആഡിസ് അബബ: മേഖലയിലെ സമാധാനം, സുരക്ഷ, കണക്ടിവിറ്റി തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയും ഇത്യോപ്യയും ‘സ്വാഭാവിക പങ്കാളികളാ’ണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ഇത്യോപ്യയിലെത്തിയ മോദി പാർലമെന്റിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിൽ സഹകരണം മെച്ചപ്പെടുത്താൻ ആഹ്വാനം ചെയ്തു.
‘ആഫ്രിക്കയുടെ നാൽക്കവലയിലാണ് ഇത്യോപ്യ. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഹൃദയഭാഗത്ത് ഇന്ത്യയും. മേഖലയിലെ സമാധാനം, സുരക്ഷ, കണക്ടിവിറ്റി എന്നിവയിൽ സ്വാഭാവിക പങ്കാളികളാണ് നാം. ഈ വർഷാദ്യത്തിൽ ഒപ്പുവെച്ച പ്രതിരോധ കരാർ വഴി പരസ്പര സുരക്ഷക്കുള്ള പ്രതിബദ്ധത കൂടുതൽ ശക്തമായിട്ടുണ്ട്. ശക്തമായ സൈനിക സഹകരണം ലക്ഷ്യമിട്ടാണ് ഈ കരാർ. ഇത്യോപ്യയിലെ ഏറ്റവും വലിയ നിക്ഷേപക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിവിധ മേഖലകളിൽ 500 കോടി ഡോളർ നിക്ഷേപം വഴി 75,000 തൊഴിലുകൾ സൃഷ്ടിച്ചിട്ടുണ്ട്’- മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും നിരവധി കരാറുകളിൽ ഒപ്പുവെച്ചിരുന്നു. മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ഗ്രേറ്റ് ഓണർ നിഷാൻ’ സമ്മാനിച്ചു. ജോർഡനിൽനിന്നാണ് പ്രധാനമന്ത്രി ഇത്യോപ്യയിലെത്തിയത്. ഇത്യോപ്യൻ പ്രധാനമന്ത്രി അബിയ് അഹ്മദ് അലി ഒരുക്കിയ ഔദ്യോഗിക വിരുന്നിനിടെ മൂന്ന് സ്വദേശി ഗായകർ ‘വന്ദേമാതരം’ ആലപിച്ചതും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

