മോദി നല്ല സുഹൃത്തെന്ന് ട്രംപ്; ഉയർന്ന തീരുവയിലൂടെ ഇന്ത്യ നേട്ടമുണ്ടാക്കിയെന്ന് വിമർശനം
text_fieldsവാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘നല്ല സുഹൃത്തെ’ന്ന് വിശേഷിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദിയുമായുള്ള സൗഹൃദം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിലെത്താൻ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഇന്ത്യയുടെ കനത്ത ഇറക്കുമതി തീരുവയെ പരോക്ഷമായി വിമർശിക്കാനും ട്രംപ് മറന്നില്ല. യു.എസിൽനിന്നുള്ള ഇറക്കുമതിക്കായി ഉയർന്ന താരിഫുകൾ ഏർപ്പെടുത്തി ഇന്ത്യ വർഷങ്ങളോളം നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ട്രംപ് ആരോപിച്ചു.
എന്നാൽ, യു.എസ് പകര തീരുവ ചുമത്തുകയും പുതിയ നയങ്ങൾ കൊണ്ടുവരുകയും ചെയ്തതോടെ ഈ സാഹചര്യം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-യു.എസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ നിർണായക ഘട്ടത്തിലെത്തി നിൽക്കെയാണ് ട്രംപിന്റെ പ്രസ്താവന.
ചർച്ചകൾ പുരോഗമിക്കുമ്പോഴും, ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 12.5% അധിക നികുതി ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ആശങ്ക ഉയർത്തുന്നുണ്ട്. കരാർ പ്രകാരം ഇന്ത്യൻ ഉൽപന്നങ്ങളുടെ മേലുള്ള നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറക്കാമെന്ന് അമേരിക്ക സമ്മതിച്ചിട്ടുണ്ട്. ജൂൺ ഒന്നുമുതൽ നാലുവരെ ന്യൂഡൽഹിയിൽ വെച്ച് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ വിപുലമായ ചർച്ചകൾ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

