ഇസ്രായേൽ-ഹമാസ് സംഘർഷം: ഈജിപ്തിൽ മിസൈൽ പതിച്ചതായി റിപ്പോർട്ട്
text_fieldsകെയ്റോ: ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടെ ഈജിപ്ത് നഗരത്തിൽ മിസൈൽ പതിച്ചതായി റിപ്പോർട്ട്. ഈജിപ്തിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അൽ ജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആറ് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും വാർത്തകളുണ്ട്.
ചെങ്കടലിനടുത്ത് സ്ഥിതി ചെയ്യുന്ന നഗരമായ തബയിലാണ് മിസൈൽ പതിച്ചത്. ഇസ്രായേലുമായി അതിർത്തി പങ്കിടുന്ന നഗരമാണ് തബ. ഇസ്രായേലി നഗരമായി എലിയാത്തിന് സമീപത്താണ് തബ സ്ഥിതി ചെയ്യുന്നത്. അതേസമയം, മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഈജിപ്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തബയിൽ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുവെന്നും കനത്ത പുക ഉയർന്നതായും ദൃക്സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതിനിടെ ഗസ്സയിലെ മരണം 7000 കവിഞ്ഞതായും ഇതിൽ മൂവായിരത്തിലധികം പേർ കുട്ടികളാണെന്നും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സയിലെ താമസയോഗ്യമായ കെട്ടിടങ്ങളുടെ 45 ശതമാനവും ആക്രമണത്തിൽ തകർന്നു. 219 സ്കൂൾ കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. 14 ലക്ഷം പേരാണ് അഭയാർഥികളായത്. ഇതുവരെ 101 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ 24 ആശുപത്രികൾ ഒഴിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ 250 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഖാൻ യൂനുസിൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.
അതിനിടെ, ഗസ്സയിലെ മരണക്കണക്കിൽ സംശയം പ്രകടിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ അമേരിക്കൻ മുസ്ലിം സംഘടനകൾ രംഗത്തെത്തി. പുറത്തുവരുന്ന കണക്കുകൾ വിശ്വാസയോഗ്യമാണെന്ന് ‘ഹ്യൂമൻ റൈറ്റ്സ് വാച്ച്’ ഇസ്രായേൽ-ഫലസ്തീൻ ഡയറക്ടർ ഉമർ ശാകിർ പറഞ്ഞു.
വടക്കൻ ഗസ്സയിൽ ഇരച്ചുകയറിയ ടാങ്കുകൾ ഹമാസ് കേന്ദ്രങ്ങൾ തകർത്തതായും നിരവധി പേരെ വധിച്ചതായും ഇസ്രായേലി സൈന്യം അറിയിച്ചു. വെസ്റ്റ്ബാങ്കിൽനിന്ന് 60ഓളം പേരെ അറസ്റ്റ് ചെയ്തതായും ഇതിൽ 46 പേർ ഹമാസ് അംഗങ്ങളാണെന്നും സൈന്യം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

