മിസൈലാക്രമണം നടന്ന ക്രെമെൻചുക് സന്ദർശിക്കണമെന്ന് യു.എന്നിനോട് സെലൻസ്കി
text_fieldsകിയവ്: യുക്രെയ്നിൽ കഴിഞ്ഞ ദിവസം മിസൈലാക്രമണം നടന്ന ക്രെമെൻചുക് സന്ദർശിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിക്കാൻ റഷ്യ ഉൾപ്പടെയുള്ള യു.എൻ അംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ക്രെമെൻചുക്കിലെ തിരക്കേറിയ ഷോപ്പിംഗ് മാളിൽ തിങ്കളാഴ്ച നടന്ന മിസൈൽ ആക്രമണത്തിന് ശേഷം സുരക്ഷാ കൗൺസിലിന്റെ അടിയന്തര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനെയോ അല്ലെങ്കിൽ ഒരു പ്രതിനിധിയെയോ സാഹചര്യം നേരിട്ട് മനസ്സിലാക്കുന്നതിനായി ക്രെമെൻചുകിലേക്ക് അയക്കണം. ഇത് സ്വതന്ത്രമായി വിവരങ്ങൾ ശേഖരിക്കാൻ യു.എനിനെ സഹായിക്കുമെന്ന് സെലൻസ്കി പറഞ്ഞു.
"ഭീകര രാഷ്ട്രം" എന്ന പദം നിയമപരമായി നിർവചിക്കാൻ സെലൻസ്കി യു.എന്നിനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 24 മുതൽ യുക്രെയിനിൽ റഷ്യൻ സേന നടത്തി വരുന്ന ആക്രമണങ്ങളിൽ ഒരു തീവ്രവാദ രാഷ്ട്രത്തിനെതിരെ എങ്ങനെയാണോ അതേ പോലെ റഷ്യക്കെതിരെയും നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ ഡെപ്യൂട്ടി അംബാസഡർ ചൊവ്വാഴ്‌ച സെലൻസ്കിക്കെതിരെ സെക്യൂരിറ്റി കൗൺസിലിനോട് പരാതി അറിയിച്ചു. കൂടുതൽ ആയുധങ്ങൾ സെലൻസ്കിക്ക് നേടി കൊടുക്കാനുള്ള വേദിയായി ഐക്യരാഷ്ട്രസഭയെ മാറ്റരുതെന്ന് അദ്ദേഹം പറഞ്ഞു. ക്രെമെൻചുകിൽ തിരക്കേറിയ ഷോപ്പിംഗ് മാളിൽ നടന്ന മിസൈലാക്രമണത്തിൽ18 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.