തിരിച്ചടി തുടർന്ന് ഇറാൻ; ഇസ്രായേലിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ജെറുസലേമിന് സമീപം വൻ നാശനഷ്ടം
text_fieldsഇസ്രായേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ
ജെറുസലേം: ഇസ്രായേലിലെ ജനവാസ മേഖല ലക്ഷ്യമാക്കി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടം. ജെറുസലേമിന് സമീപമുള്ള എസ്താവോൾ (Eshtaol) എന്ന പട്ടണത്തിലാണ് മിസൈൽ പതിച്ചത്. ഇസ്രായേലിന്റെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് മിസൈൽ ലക്ഷ്യസ്ഥാനത്ത് പതിച്ചതിനെക്കുറിച്ച് ഇസ്രായേൽ വ്യോമസേന (ഐ.എ.എഫ്) ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇസ്രായേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ആറുപേരുടെ പരിക്ക് ഗുരുതരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. എസ്താവോൾ പട്ടണത്തിന് 150 മീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾക്കും പാർക്കിങ് ഏരിയക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജെറുസലേമിൽ പതിച്ചത് ക്ലസ്റ്റർ ബോംബുകളല്ലെന്നും മറിച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ബാലിസ്റ്റിക് മിസൈലാണെന്നും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. മിസൈൽ വെടിവെച്ചിടാൻ ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
ഇതിനിടെ, തെൽ അവീവിൽ ഇറാൻ നടത്തിയ മറ്റൊരു ആക്രമണത്തിൽ ക്ലസ്റ്റർ ബോംബുകൾ (Cluster Munitions) ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. ഒരു കെട്ടിടത്തിന് മുകളിൽ ക്ലസ്റ്റർ ബോംബുകൾ ചിതറിത്തെറിക്കുന്ന ദൃശ്യങ്ങൾ അൽ ജസീറ സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈൽ ആക്രമണം നടന്ന എസ്താവോൾ മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മിസൈൽ പ്രതിരോധ സംവിധാനമായ 'ആരോ' (Arrow) ഉൾപ്പെടെയുള്ളവ സജ്ജമായിരുന്നിട്ടും മിസൈൽ എങ്ങനെ ജനവാസ മേഖലയിൽ പതിച്ചു എന്നത് സൈന്യത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

