അത്ഭുത അതിജീവനം; ലാവോസ് ഗുഹയിൽ കുടുങ്ങിയ അഞ്ചുപേരെ ഒരാഴ്ച്ക്ക് ശേഷം ജീവനോടെ കണ്ടെത്തി!
text_fieldsലാവോസ്: കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് ഗുഹക്കുളളിൽ ഒരാഴ്ചയായി കുടുങ്ങിക്കിടന്ന അഞ്ച് ഗ്രാമീണരെ രക്ഷപ്രവർത്തക സംഘം ജീവനോടെ കണ്ടെത്തി. മധ്യ ലാവോസിലെ സൈസോംബൂൺ പ്രവിശ്യയിലെ ഒരു കുന്നിൻ പ്രദേശത്തുള്ള ഉപേക്ഷിക്കപ്പെട്ട സ്വർണ്ണഖനി ഗുഹയിലാണ് സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
കഴിഞ്ഞ മെയ് 19 നാണ് പ്രദേശവാസികളായ എട്ട് ഗ്രാമീണർ ഉപക്ഷിക്കപ്പെട്ട സ്വർണഖനിയിൽ സ്വർണ്ണശേഖരം തിരയുന്നതിനും വന്യജീവികളെ വേട്ടയാടുന്നതിനുമായി ഗുഹക്കുളളിൽ പ്രവേശിച്ചത്. എന്നാൽ പ്രദേശത്ത് കനത്ത മഴ പെയ്യുകയും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഗുഹയുടെ പ്രവേശന കവാടം പൂർണ്ണമായി അടഞ്ഞുപോയതോടെ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല.
ബുധനാഴ്ച വൈകുന്നേരമാണ് രക്ഷപ്രവർത്തകർ ഗുഹയിലെ ഇടുങ്ങിയ അറക്കുളളിൽ വെച്ച് ഇവരെ കണ്ടെത്തുന്നത്. ഭൂമിക്കടിയിലേക്ക് ആഴത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ ഗുഹാ ശൃംഖല വളരെ ഇടുങ്ങിയതാണെന്നും ചില അറകൾക്ക് ഏകദേശം 50 സെന്റീമീറ്റർ (20 ഇഞ്ച്) മാത്രമാണ് വീതിയെന്നും രക്ഷാപ്രവർത്തകർ പറയുന്നു. രക്ഷാപ്രവർത്തകർ പങ്കിട്ട ദൃശ്യങ്ങളിൽ, ഏതാണ്ട് പൂർണ്ണമായും വെള്ളത്തിനടിയിലായ ഇടുങ്ങിയതും ചെളി നിറഞ്ഞതുമായ വഴികളിലൂടെ രക്ഷപ്രവർത്തകർ ഇഴഞ്ഞു നീങ്ങുന്നത് കാണാം.
ഗുഹയുടെ പ്രവേശന കവാടത്തിൽ നിന്നും നൂറിലധികം മീറ്റർ ഉള്ളിലായി ഉയർന്ന ഒരു ചെളിത്തിട്ടയിൽ അഭയം പ്രാപിച്ചതാണ് അഞ്ച് പേരുടെയും ജീവൻ നിലനിർത്തിയത്. ഈ ഭാഗത്ത് തടസ്സമില്ലാതെ വായുസഞ്ചാരം ഉണ്ടായിരുന്നതിനാൽ ഇവർക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ഒരാഴ്ചയോളം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിനാൽ ഇവർ ശാരീരികമായി വളരെ ക്ഷീണിതരാണെങ്കിലും മാനസികമായി നല്ല ആത്മവിശ്വാസത്തിലാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ഇവർ സുരക്ഷിതരാണെന്ന വാർത്ത പുറത്തുവന്നതോടെ ഗുഹക്ക് പുറത്ത് വലിയ ആഹ്ലാദപ്രകടനങ്ങളാണ് നടന്നത്.
ലാവോസ് സൈന്യത്തിനും പൊലീസിനും പുറമെ തായ്‌ലൻഡ്,ചൈന എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരും ദൗത്യത്തിൽ പങ്കാളികളായി. 2018-ൽ ലോകശ്രദ്ധ നേടിയ തായ്‌ലൻഡിലെ താം ലുവാങ് ഗുഹാ രക്ഷാദൗത്യത്തിൽ പങ്കെടുത്ത പ്രമുഖ മുങ്ങൽ വിദഗ്ധരും ഈ സംഘത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

