യുക്രെയ്നിലെ ധാതുക്കൾ: 21ാം നൂറ്റാണ്ടിന്റെ സമ്പത്ത്
text_fieldsഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി മുതൽ പ്രതിരോധ സാമഗ്രികൾ വരെയുള്ളവയുടെ നിർമാണത്തിന് ഉപയോഗിക്കാവുന്ന അമൂല്യ ധാതു സമ്പത്തിന്റെ വൻശേഖരം യുക്രെയ്നിലുണ്ട്. ലിഥിയം, ഗ്രാഫൈറ്റ്, ടൈറ്റാനിയം, സ്കാൻഡിയം എന്നിവ ഇതിൽ പ്രധാനമാണ്. ലോകത്തെ മൊത്തം ധാതുസമ്പത്തിൽ അഞ്ച് ശതമാനവും യുക്രെയ്നിലാണ്.
അപൂർവ ധാതു സമ്പത്തിന്റെ ശേഖരത്തിൽ ലോകത്തെ അഞ്ച് മുൻനിര രാജ്യങ്ങളിൽ ഒന്നാണ് യുക്രെയ്ൻ. 19 ദശലക്ഷം ടൺ ഗ്രാഫൈറ്റ് ശേഖരമാണ് ഇവിടെയുള്ളത്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമാണത്തിനാണ് ഗ്രാഫൈറ്റ് ഉപയോഗിക്കുന്നത്. യൂറോപ്പിലെ മൊത്തം ലിഥിയം നിക്ഷേപത്തിൽ മൂന്നിലൊന്നും യുക്രെയ്നിലാണ്.
വിമാനം മുതൽ ഊർജ നിലയം വരെയുള്ളവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ഭാരംകുറഞ്ഞ ലോഹമാണ് ഇത്. റഷ്യൻ അധിനിവേശത്തിനുമുമ്പ് ലോകത്തെ ലിഥിയം ഉൽപാദനത്തിൽ ഏഴ് ശതമാനവും യുക്രെയ്നിലായിരുന്നു. ഇതിനുപുറമെ ആയുധങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിനാവശ്യമായ അപൂർവ ധാതുക്കളുടെ വിപുലമായ ശേഖരവും രാജ്യത്തുണ്ട്.
21ാം നൂറ്റാണ്ടിന്റെ സമ്പദ് വ്യവസ്ഥയുടെ അടിത്തറയെന്നാണ് അപൂർവ ധാതുക്കളെ വിശേഷിപ്പിക്കുന്നത്. ലോകത്തെ അപൂർവ ധാതുശേഖരത്തിൽ 75 ശതമാനവും നിയന്ത്രിക്കുന്ന ചൈനയുടെ മേലുള്ള ആശ്രിതത്വം കുറക്കുകയും ട്രംപിന്റെ ലക്ഷ്യമാണ്. കഴിഞ്ഞ ഡിസംബറിൽ അമേരിക്കയിലേക്കുള്ള ചില അപൂർവ ധാതുക്കളുടെ കയറ്റുമതി ചൈന നിരോധിച്ചിരുന്നു.
വിപുലമായ ധാതു നിക്ഷേപമുണ്ടെങ്കിലും അവ ഖനനം ചെയ്യുന്നതിനും വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനുമുള്ള സാങ്കേതിക വിദ്യയുടെ പരിമിതി യുക്രെയ്ൻ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ, അമേരിക്കൻ പങ്കാളിത്തം രാജ്യത്തിന്റെ വികസനത്തിൽ വലിയ പങ്കുവഹിക്കുമെന്നും യുക്രെയ്ൻ കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

