യു.എസുമായുള്ള ധാതു കരാർ, സമാധാനത്തിന് യുക്രെയ്ൻ നൽകേണ്ട വില; 50,000 കോടി ഡോളർ വേണമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: എതിരാളിയെ പരമാവധി സമ്മർദത്തിലാക്കി തന്റെ വഴിയേ വരുത്തുക. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പതിവ് ശൈലിക്ക് ഇത്തവണ വേദിയാകുന്നത് യുക്രെയിനാണ്.
റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ യുക്രെയ്ൻ നൽകേണ്ടി വരുന്ന വിലയാണ് തങ്ങളുടെ രാജ്യത്തെ അമൂല്യമായ ധാതുക്കൾ അമേരിക്കക്ക് വിട്ടുകൊടുക്കുകയെന്നത്. അമേരിക്കയും യുക്രെയിനും തമ്മിലുള്ള ധാതു കരാറിന് അന്തിമ രൂപമായെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കരാറിൽ ഒപ്പുവെക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വെള്ളിയാഴ്ച വാഷിങ്ടണിൽ എത്തും. താൻ അധികാരത്തിലെത്തിയാൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് തെരഞ്ഞെടുപ്പിനുമുമ്പേ പറഞ്ഞിരുന്നതാണ്.
എന്നാൽ, അധികാരത്തിലെത്തിയശേഷം ഇതിനായി അദ്ദേഹം സ്വീകരിച്ച മാർഗം യുക്രെയ്നിനെയും യൂറോപ്യൻ യൂനിയനെയും അമ്പരപ്പിക്കുന്നതായിരുന്നു. ധാതുക്കൾ അമേരിക്കക്ക് വിട്ടുകൊടുക്കുകയെന്നതായിരുന്നു അത്. അമേരിക്കൻ പിന്തുണയില്ലാതെ നിലനിൽപില്ലെന്ന് തിരിച്ചറിഞ്ഞ യുക്രെയ്ൻ ഒടുവിൽ ധാതു കരാറിന് സമ്മതിക്കുകയായിരുന്നു.
50,000 കോടി ഡോളർ വേണമെന്ന് ട്രംപ്
അമേരിക്കയും യുക്രെയ്നും സംയുക്തമായി വികസിപ്പിക്കുന്ന ധാതുസമ്പത്തിൽനിന്ന് 50,000 കോടി ഡോളറിന്റെ വരുമാനം വേണമെന്നാണ് ട്രംപ് ആദ്യം ആവശ്യപ്പെട്ടത്. യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്ക യുക്രെയ്ന് ഇതുവരെ നൽകിയ സഹായത്തിന് തുല്യമാണ് ഇതെന്നാണ് ട്രംപിന്റെ വാദം.
എന്നാൽ, സെലൻസ്കി ഇതിനെ എതിർത്തതോടെയാണ് ഭേദഗതി വരുത്താൻ തയാറായത്. അതേസമയം, യുക്രെയ്നിന്റെ സുരക്ഷ സംബന്ധിച്ച് കരാറിൽ വ്യക്തമായി പറയുന്നില്ലെന്നാണ് സൂചന. യുക്രെയ്ൻ ഉയർത്തിയ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്. എങ്കിലും കരാറിനെ നേട്ടമെന്നാണ് യുക്രെയ്ൻ നേതാക്കൾ വിശേഷിപ്പിക്കുന്നത്.
കരാറിനെത്തുടർന്ന് യുക്രെയ്നിന് സൈനിക സഹായവും പോരാട്ടം തുടരുന്നതിനുള്ള അവകാശവും ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു. വെടിനിർത്തൽ കരാറിൽ എത്തുന്നതുവരെ യുക്രെയ്നിനുള്ള സൈനിക സഹായം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാർ പ്രകാരം, യുക്രെയ്നിന്റെ തകർന്ന സമ്പദ്വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും സംയുക്ത ഉടമസ്ഥതയിലുള്ള ഫണ്ടിന് രൂപം നൽകും. തങ്ങളുടെ ധാതു സമ്പത്തിൽനിന്നുള്ള വരുമാനത്തിന്റെ പകുതി യുക്രെയ്ൻ ഈ ഫണ്ടിലേക്ക് മാറ്റിവെക്കും.
അത് രാജ്യത്തെ വികസന പ്രവർത്തനത്തിനുതന്നെ ഉപയോഗിക്കും. വലിയൊരു ചിത്രത്തിന്റെ ഭാഗമാണ് കരാർ എന്ന് ചർച്ചകൾക്ക് നേതൃത്വം നൽകിയ യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഓൽഹ സ്റ്റൊഫാനിഷൈന പറഞ്ഞു. അമേരിക്കയുമായി കൂടുതൽ സഹകരണത്തിന് കരാർ വഴിവെക്കുമെന്നാണ് യുക്രെയ്നിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

