ഇറാനിൽ ലക്ഷങ്ങളുടെ പ്രകടനം
text_fieldsഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാഖിലെ ബാഗ്ദാദിൽ നടന്ന പ്രകടനം
തെഹ്റാൻ: ഇസ്രായേലുമായി ഏറ്റുമുട്ടൽ ആരംഭിച്ച ശേഷമുള്ള ആദ്യ വെള്ളിയാഴ്ച ഇറാനിലുടനീളം ലക്ഷങ്ങളുടെ ഐക്യദാർഢ്യ പ്രകടനങ്ങൾ. രാഷ്ട്രനേതൃത്വത്തിനും സൈന്യത്തിനും ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഇസ്രായേലിനും അമേരിക്കക്കും എതിരെ മുദ്രാവാക്യം വിളിച്ചും വൻ ജനാവലി അണിനിരന്നു. തെഹ്റാൻ, ഷിറാസ്, തബ്രിസ്, ഇസ്ഫഹാൻ, മഷ്ഹദ്, ഖൂം, ഖസ്വിൻ, യസ്ദ്, ജിലാൻ തുടങ്ങിയ വൻ നഗരങ്ങളിലും ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും ജുമുഅ നമസ്കാര ശേഷം പ്രകടനങ്ങൾ നടന്നു. തെഹ്റാനിൽ ഇറാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മുഹ്സിനി ഇജേയി, ഇസ്ലാമിക് റെവലൂഷനറി ഗാർഡ് മുൻ കമാൻഡർ മേജർ ജനറൽ മുഹമ്മദ് അലി ജാഫരി, മന്ത്രിമാർ, പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഇറാൻ പതാകക്കൊപ്പം ഫലസ്തീൻ, ഹിസ്ബുല്ല പതാകകളുമുണ്ടായിരുന്നു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ, ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനിക നേതാക്കൾ, ശാസ്ത്രജ്ഞർ, ഇറാനിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ തുടങ്ങിയവരുടെ ചിത്രങ്ങളുമേന്തിയായിരുന്നു പ്രകടനം.
‘ജീവൻ ത്യജിക്കാൻ തയാർ’, ‘അമേരിക്കക്കും ഇസ്രായേലിനും മരണം’, ‘ഇറാൻ വിജയിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകളും പോസ്റ്ററുകളും പ്രകടനക്കാർ ഉയർത്തിയിരുന്നു. ഇറാഖ്, ലബനാൻ തുടങ്ങിയ രാജ്യങ്ങളിലും ഇറാൻ ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

