ബുർകിനഫാസോയിൽ പാർട്ടികളെ പിരിച്ചുവിട്ട് സൈനിക ഭരണകൂടം
text_fieldsഔഗഡൗഗൗ(ബുർകിനഫാസോ): രാജ്യത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും പിരിച്ചുവിട്ട് ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയിലെ സൈനിക ഭരണകൂടം. പാർട്ടികളുടെ നിയമപരിരക്ഷകൾ റദ്ദാക്കിയതായും സൈനിക ഭരണകൂടം അറിയിച്ചു.
2022ൽ അട്ടിമറിയിലൂടെ ഭരണം പിടിച്ച സൈന്യം തുടക്കം മുതൽ തന്നെ പൗരസ്വാതന്ത്ര്യം അടിച്ചമർത്തി പ്രതിപക്ഷത്തെ പ്രവർത്തിക്കാൻ അനുവദിക്കാതെയുള്ള പ്രവൃത്തികൾ ചെയ്തുവരുകയാണെന്ന് രാജ്യത്തെ പൗരാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി. നിരവധി രാഷ്ട്രീയ നേതാക്കളെ പ്രവർത്തിക്കാൻ അനുദിച്ചിരുന്നില്ല. പുതിയ ഉത്തരവോടെ പാർട്ടികൾ തങ്ങളുടെ ആസ്തികൾ സർക്കാറിന് കൈമാറണമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. നിലവിലെ മാർഗനിർദേശങ്ങൾ പാർട്ടികൾ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ഭരണകാര്യ മന്ത്രി എമിലി സെർബോ അറിയിച്ചു.
‘‘രാഷ്ട്രീയ പാർട്ടികളുടെ വലിയ വളർച്ച പൗരന്മാർക്കിടയിൽ ഭിന്നതയുണ്ടാക്കാനും സാമൂഹികക്രമം മോശമാകാനും തുടങ്ങിയതായി സർക്കാർ കരുതുന്നു.’’ -വ്യാഴാഴ്ച നിരോധന തീരുമാനം അംഗീകരിച്ച മന്ത്രിസഭാ യോഗത്തിനുശേഷം സെർബോ പറഞ്ഞു. ഭാവിയിൽ പുതിയ രാഷ്ട്രീയ പാർട്ടികൾ രൂപവത്കരിക്കുന്നതിനാവശ്യമായ കരടു നിയമം ഉടൻ രൂപവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുർകിനഫാസോയെ പോലെ, പട്ടാളം ഭരണം പിടിച്ച പടിഞ്ഞാറൻ-മധ്യ ആഫ്രിക്കയിലെ നിരവധി രാജ്യങ്ങൾ ജനാധിപത്യത്തിലേക്ക് തിരികെ വരാൻ ബുദ്ധിമുട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

