ഇസ്രായേലിനും യുക്രെയ്നിനും സൈനിക സഹായം; യു.എസ് തീരുമാനം ഉടനുണ്ടായേക്കും
text_fieldsവാഷിങ്ടൺ: ഇസ്രായേലിനും യുക്രെയ്നിനും ശതകോടികളുടെ ആയുധ സഹായം നൽകാനുള്ള യു.എസ് ഭരണകൂട നീക്കത്തിന് അംഗീകാരം ഉടനുണ്ടായേക്കും. വ്യാഴാഴ്ച നടന്ന പ്രാഥമിക വോട്ടെടുപ്പിൽ ആദ്യ കടമ്പ കടന്നതോടെയാണ് വൈകാതെ അംഗീകാരമാകുമെന്ന സൂചന.
യുക്രെയ്നിന് 6080 കോടി ഡോളറും ഇസ്രായേലിന് 2640 കോടി ഡോളറും തായ്‍വാൻ അടക്കം ഇന്തോ-പസഫിക് മേഖലയിൽ 810 കോടി ഡോളറും സൈനിക സഹായം അനുവദിക്കുന്നതാണ് കരാർ. ഓരോ രാജ്യത്തിനുമുള്ള സഹായവുമായി ബന്ധപ്പെട്ട് പ്രതിനിധി സഭയിൽ വെവ്വേറെ വോട്ടിങ് നടക്കും. ഒപ്പം, ടിക് ടോക് നിരോധനവുമായി ബന്ധപ്പെട്ട് ബൈറ്റ് ഡാൻസിനെതിരായ നീക്കവും റഷ്യ, ഇറാൻ, ചൈന എന്നിവക്കെതിരെ കൂടുതൽ ഉപരോധങ്ങളും സഭയിൽ പരിഗണനക്ക് വരും.
പ്രതിനിധി സഭ അംഗീകാരം നൽകുന്ന തീരുമാനങ്ങൾ അടുത്ത ഘട്ടത്തിൽ സെനറ്റും അംഗീകരിക്കണം. റഷ്യൻ അധിനിവേശം രണ്ടു വർഷം പിന്നിട്ട യുക്രെയ്നിൽ കൂടുതൽ സഹായത്തിന് സഭാംഗങ്ങൾ അംഗീകാരം നൽകില്ലെന്നാണ് പ്രാഥമിക സൂചന. ഇസ്രായേലിന് സൈനിക സഹായം നൽകുന്നതിനോടും ചില ലിബറലുകൾ എതിർപ്പ് പരസ്യമാക്കിയിട്ടുണ്ട്. ഗസ്സയിലെ വംശഹത്യയിൽ ഇനിയും യു.എസ് സർക്കാർ പങ്കാളിത്തം തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇടത് അനുകൂല ഡെമോക്രാറ്റുകളും പറയുന്നു.
ഇസ്രായേൽ സഹായ ഫണ്ടിൽ അനുബന്ധമായി 900 കോടി ഡോളർ ജീവകാരുണ്യ സഹായവും ഉൾപ്പെടുത്തി വിഷയം തണുപ്പിക്കാനും ശ്രമമുണ്ട്. ഈ വർഷാവസാനത്തോടെ റഷ്യ യുക്രെയ്നിൽ വിജയം വരിക്കുമെന്ന് അടുത്തിടെ സി.ഐ.എ മേധാവി വില്യം ബേൺസ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

