Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെനഗൽ തീരത്ത് കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞു; നൂറോളം പേരെ കാണാനില്ല, തിരച്ചിൽ തുടരുന്നു

text_fields
bookmark_border
സെനഗൽ തീരത്ത് കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞു; നൂറോളം പേരെ കാണാനില്ല, തിരച്ചിൽ തുടരുന്നു
cancel

ഡാക്കർ: ഏകദേശം നൂറോളം കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് സെനഗൽ തീരത്ത് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേരെ കാണാനില്ല. അപകടത്തിന് പിന്നാലെ അധികൃതർ തിരച്ചിൽ ഊർജ്ജിതമാക്കി. ആദ്യ റിപ്പോർട്ടുകളിൽ ഒരാൾ മരിച്ചതായി പറഞ്ഞിരുന്നെങ്കിലും, കുറഞ്ഞത് നാല് മൃതദേഹങ്ങളെങ്കിലും കണ്ടെടുത്തതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാണാതായ ഡസൻ കണക്കിനാളുകൾക്കായി തെരച്ചിൽ തുടരുകയാണ്.

ഡാക്കറിന് തെക്ക് ഭാഗത്തുള്ള യെന്നെ ഗ്രാമത്തിന് സമീപം തകർന്ന നിലയിൽ കരയ്ക്കടിഞ്ഞ ബോട്ടിൽ നിന്ന് സാധനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച ദിവസം മുഴുവൻ നീണ്ടുനിന്ന തിരച്ചിൽ വ്യാഴാഴ്ചയും പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. വടക്കുപടിഞ്ഞാറൻ പട്ടണമായ തിയേപ്പിന് സമീപം ബോട്ട് മുങ്ങി കുറഞ്ഞത് 39 പേരെങ്കിലും മരിച്ച ദുരന്തം നടന്ന് രണ്ടാഴ്ച തികയും മുൻപാണ് പുതിയ അപകടമുണ്ടായത്. സെനഗലിനെ നടുക്കിയ ഏറ്റവും വലിയ കുടിയേറ്റ ദുരന്തങ്ങളിൽ ഒന്നായിരുന്നു അത്.

പുലർച്ചെ പ്രാദേശിക സമയം രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചതെന്ന് ഗ്രാമമുഖ്യന്റെ പ്രതിനിധി ഉമർ സോ വ്യക്തമാക്കി. "ബോട്ടിൽ നിന്ന് ഉയർന്ന നിലവിളി കടൽത്തീരത്ത് നിന്നുപോലും വ്യക്തമായി കേൾക്കാമായിരുന്നു," എന്ന് അദ്ദേഹം എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു.

ബോട്ടിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഏകദേശം നൂറോളം പേർ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് ചോദ്യം ചെയ്ത രക്ഷപ്പെട്ടയാൾ നൽകിയ മൊഴി. തകർന്ന ബോട്ടിൽ നിന്ന് തിരിച്ചറിയൽ രേഖകൾ, നിരവധി മൊബൈൽ ഫോണുകൾ, സ്കൂൾ പ്രവേശന രേഖ എന്നിവ ഉൾപ്പെടെയുള്ള വ്യക്തിഗത വസ്തുക്കൾ പൊലീസ് കണ്ടെടുത്തു.

യൂറോപ്പിലേക്ക് എത്താൻ ലക്ഷ്യമിട്ടുള്ള അനധികൃത കുടിയേറ്റ യാത്രകൾ വീണ്ടും വർദ്ധിക്കുന്നതിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രസിഡന്റ് ഡയോമായ് ഫായെ ആശങ്ക പ്രകടിപ്പിച്ചു. അപകടകരമായ യാത്രകളിലേക്ക് ആളുകളെ നയിക്കുന്ന കാരണങ്ങൾ പരിശോധിക്കാനും പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ നിർദ്ദേശിക്കാനും അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകി. കഴിഞ്ഞ മാസത്തെ ദുരന്തത്തിന് പിന്നാലെയും, ജീവൻ പണയപ്പെടുത്തി അപകടകരമായ കടൽയാത്രകൾ നടത്തരുതെന്ന് ഫായെ സെനഗൽ ജനതയോട് അഭ്യർത്ഥിച്ചിരുന്നു.

സംഘർഷങ്ങൾ, ഏകാധിപത്യ ഭരണകൂടങ്ങൾ, ദാരിദ്ര്യം എന്നിവയിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കുന്ന പശ്ചിമാഫ്രിക്കയിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ സമീപ വർഷങ്ങളിൽ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. ഈ വർഷം മാത്രം പശ്ചിമാഫ്രിക്കൻ തീരത്ത് കുറഞ്ഞത് 454 മരണങ്ങളോ തിരോധാനങ്ങളോ രേഖപ്പെടുത്തിയതായി ഐക്യരാഷ്ട്രസഭയുടെ കുടിയേറ്റ ഏജൻസിയായ ഐഒഎം (IOM) കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. രക്ഷപ്പെട്ടവരോ അവശിഷ്ടങ്ങളോ പോലും ലഭിക്കാതെ നിരവധി ബോട്ടുകൾ കടലിൽ അപ്രത്യക്ഷമാകുന്നതിനാൽ യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലായിരിക്കാമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു.

യൂറോപ്യൻ രാജ്യങ്ങളുമായുള്ള സഹകരണവും നിയന്ത്രണങ്ങളും കർശനമാക്കിയതോടെ വടക്കേ ആഫ്രിക്ക വഴി യൂറോപ്പിലേക്ക് എത്തുന്നത് കൂടുതൽ പ്രയാസകരമായി മാറിയിട്ടുണ്ട്. ഇതോടെ കുടിയേറ്റക്കാർ സ്പെയിനിന്റെ കാനറി ദ്വീപുകളെയാണ് കൂടുതലായി ലക്ഷ്യമിടുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിലൂടെയുള്ള ഇത്തരം ദീർഘദൂര യാത്രകൾക്ക് അനുയോജ്യമല്ലാത്തതും പലപ്പോഴും അമിതഭാരം കയറ്റുന്നതുമായ 'പൈറോഗ്'എന്നറിയപ്പെടുന്ന മരം കൊണ്ടുള്ള ബോട്ടുകളിലാണ് ഇവർ യാത്ര ചെയ്യുന്നത്.

ഈ വർഷം കാനറി ദ്വീപുകളിൽ എത്തുന്ന കുടിയേറ്റക്കാരിൽ ഭൂരിഭാഗവും സെനഗലിൽ നിന്നുള്ളവരാണെന്നാണ് യുഎൻ കണക്കുകൾ പറയുന്നത്. പരിമിതമായ തൊഴിലവസരങ്ങൾ, കുടുംബ സമ്മർദ്ദങ്ങൾ, നിലവിലുള്ള കുടിയേറ്റ ശൃംഖലകൾ എന്നിവയാണ് ആളുകളെ നാടുവിടാൻ പ്രേരിപ്പിക്കുന്നത് എന്ന് ഐഒഎം ചൂണ്ടിക്കാണിക്കുന്നു.

കുടിയേറ്റക്കാരുടെ വൻ ഒഴുക്കിനെത്തുടർന്ന് നവംബർ 7-ന് കാനറി ദ്വീപുകളിൽ ഒന്നായ എൽ ഹിയറോ (El Hierro) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മാസമാദ്യം മുതൽ ഏകദേശം 30 ബോട്ടുകളിലായി 3,300-ലധികം ആളുകൾ ദ്വീപിൽ എത്തിയതായാണ് റിപ്പോർട്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Migrant boat capsizes off Senegal; dozens missing
Next Story