ഫോർമുല വൺ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറിന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നു
text_fieldsസ്കീയിങ് അപകടത്തിൽ പെട്ട് ദീർഘക്കാലം കോമയിലായിരുന്ന ഫോർമുല വൺ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറിന്‍റെ ആരോഗ്യസ്ഥിതിയിൽ ശ്രദ്ധേയ പുരോഗതി ഉണ്ടായതായി റിപ്പോർട്ട്. 'ഷൂമാക്കർ ഇനി പൂർണ്ണമായി കിടപ്പിലായ നിലയിലല്ലെന്നും വീൽചെയറിന്‍റെ സഹായത്തോടെ നിവർന്ന് ഇരിക്കാനും തന്‍റെ വസതിയിലൂടെ സഞ്ചരിക്കാനും കഴിയുന്ന വിധത്തിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില പുരോഗതി പ്രാപിച്ചു'വെന്നുമാണ് ദി ഡെയ് ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നിരുന്നാലും ചുറ്റുപാടുകളെ കുറിച്ച് ഭാഗികമായ അറിവും സംസാര ശേഷി വളരെ പരിമിതമായിരിക്കുമെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട്
ഷൂമാക്കർ ഇപ്പോഴും മെഡിക്കൽ പരിചരണത്തിലാണ്. സ്വിറ്റ്സർലൻഡിലെയും സ്‌പെയിനിലെ മയോർക്കയിലെയും സ്വകാര്യ വസതികളിൽ ചികിത്സ തുടരുകയാണ്. ആരോഗ്യനിലയെ കുറിച്ചുളള വിവരങ്ങൾ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്കും വിരലിലെണ്ണാവുന്ന സുഹ്യത്തുക്കൾക്കും മാത്രമറിയുന്ന രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
2013 ഡിസംബർ 29നാണ് ഫ്രാൻസിലെ ആൽപ്സ് മെറിബെൽ റിസോട്ടിൽ മലനിരകളിൽ സ്കീയിംഗ് നടത്തുന്നതിനിടെ പാറക്കെട്ടിൽ ഷൂമാക്കറിന്‍റെ തല ഇടിക്കുന്നത്. അന്ന് ധരിച്ചിരുന്ന ഹെൽമറ്റ് അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിച്ചെങ്കിലും അപകടത്തിന്‍റെ ആഘാതത്തിൽ ഷൂമാക്കറിന് തലച്ചോറിൽ ഗുരുതരമായ പരിക്കുകൾ സംഭവിച്ചു.
രണ്ട് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനായെങ്കിലും ദീർഘകാലം കോമ അവസ്ഥയിലെക്ക് മാറുകയാണ് ചെയ്തത്. പിന്നീട് കോമയിൽ നിന്നു പുറത്തുവന്നെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുളള വിവരങ്ങളോട് കുടുംബം മൗനം പാലിച്ചിരുന്നു. വർഷങ്ങളായി ഷൂമാക്കറുടെ ആരോഗ്യനിലയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാതിരുന്ന ആരാധകർക്ക് ഈ വാർത്ത ആശ്വാസകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

