മെക്സിക്കോയിൽ ബസിൽ ചരക്കു തീവണ്ടി ഇടിച്ചുകയറി 10 മരണം; നടുക്കുന്ന വിഡിയോ
text_fieldsഅറ്റ്ലകോമുൾകോ (മെക്സിക്കോ): മെക്സിക്കോ സിറ്റിയിലെ ഒരു ക്രോസിങ്ങിൽ ചരക്കു തീവണ്ടി ഡബിൾ ഡെക്കർ ബസിൽ ഇടിച്ചുകയറി 10 പേർ കൊല്ലപ്പെടുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മെക്സിക്കോ സിറ്റിയിൽ നിന്ന് 130 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അറ്റ്ലകോമുൾകോ പട്ടണത്തിലെ വെയർഹൗസുകളുടെയും ഫാക്ടറികളുടെയും വ്യാവസായിക മേഖലയിലാണ് അപകടം.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നതായും അന്വേഷണം ആരംഭിച്ചതായും സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു. ഹെറാഡുറ ഡി പ്ലാറ്റ ലൈനിൽ നിന്നുള്ള ബസ് കൂട്ടിയിടിയിൽ തകർന്നു.
അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് അധികൃതർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ച അപകട വിഡിയോയിൽ, അതിവേഗത്തിൽ എത്തിയ ട്രെയിൻ ബസിനെ ഇടിച്ചുതെറിപ്പിക്കുന്നതു കാണാം. ബസിന്റെ മധ്യഭാഗത്താണ് ട്രെയ്ൻ ഇടിച്ചത്. ബസിന്റെ മേൽക്കൂര പൂർണമായും ഇല്ലാതായി. അപകടത്തിനു തൊട്ടുമുമ്പ് വാഹനങ്ങൾ പാളം മുറിച്ചുകടക്കുന്നത് കാണാം. ക്രോസിങ് ഗേറ്റുകളോ മറ്റ് സിഗ്നലുകളോ വിഡിയോയിൽ ദൃശ്യമല്ല.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെക്സിക്കോയിലെ കനേഡിയൻ പസഫിക് കൻസാസ് സിറ്റി ട്രെയിൻ ലൈൻ അപകടം സ്ഥിരീകരിച്ച് ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. കനഡ ആസ്ഥാനമായുള്ള ‘കാൽഗറി’ കമ്പനി തങ്ങളുടെ ജീവനക്കാർ സ്ഥലത്തുണ്ടെന്നും അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

