ട്രംപിനെ മുട്ടുകുത്തിച്ച സുന്ദരി; ആഗോള രാഷ്ട്രീയത്തിന്റെ ഗതി മാറ്റി മെറ്റ് ഫ്രെഡറിക്സെൻ
text_fieldsലണ്ടൻ: സൈനിക ശക്തി ഉപയോഗിച്ച് ഗ്രീൻലാൻഡിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള തീരുമാനത്തിൽനിന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻവാങ്ങിയതോടെ താരമായത് മെറ്റ് ഫ്രെഡറിക്സെൻ. ഗ്രീൻലാൻഡ് ഉൾപ്പെടുന്ന ഡെൻമാർക്കിന്റെ പ്രധാനമന്ത്രിയാണ് അവർ. താരിഫ് ഭീഷണിയും സൈനിക ശക്തിയുംകൊണ്ട് ലോകരാജ്യങ്ങളെ വിറപ്പിച്ച ട്രംപിനെ രഷ്ട്രീയ നയതന്ത്രത്തിലൂടെ തോൽപിച്ച ഈ സുന്ദരി ഇന്ന് സമൂഹ മാധ്യമങ്ങളിലെ താരമാണ്.
ഡെൻമാർക്കിന്റെ ധീരയായ രാഷ്ട്രീയ നേതാവായ ഫ്രെഡറിക്സെൻ ഒരിക്കലും ഭീഷണികൾക്ക് വഴങ്ങിയിട്ടില്ല. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഡെൻമാർക്ക് പ്രധാനമന്ത്രി കുടിയേറ്റക്കാരായ വിദ്യാർഥികളെ കളിയാക്കിയതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു അവർ. ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപിനും കൊടുത്തു ചുട്ട മറുപടി. അതോടെ ട്രംപ് മുട്ടുമടക്കി. ഗ്രീൻലാൻഡ് ആക്രമിക്കില്ലെന്ന് സ്വിറ്റ്സ്‍ലാൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ ട്രംപിനെ ഫ്രെഡറിക്സെൻ തോൽപിച്ചെന്ന് ലോകം വിധിയെഴുതി. പുതിയ സംഭവ വികാസങ്ങൾക്ക് പിന്നാലെ അവരുടെ രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റ്സിന്റെ ജനപിന്തുണ കുതിച്ചുയർന്നു. ഈ വർഷം അവസാനം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഫ്രെഡറിക്സെൻ മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നാണ് സർവേ ഫലങ്ങൾ പറയുന്നത്.
ട്രംപിന്റെ അധിനിവേശ രാഷ്ട്രീയ പദ്ധതികളിൽ ഏറ്റവും വലുതായിരുന്നു നാറ്റോ സഖ്യ രാജ്യമായ ഡെൻമാർക്കിൽനിന്ന് ഗ്രീൻലാൻഡ് പിടിച്ചെടുക്കുകയെന്നത്. വർഷങ്ങളായി ട്രംപ് ഗ്രീൻലാൻഡ് സ്വപ്നം കണ്ട് ഉറങ്ങുന്നു. പക്ഷെ, അതൊരു പകൽ സ്വപ്നം മാത്രമാണെന്ന് ട്രംപിനെ ബോധ്യപ്പെടുത്തിയതിലൂടെ ഫ്രെഡറിക്സെൻ സംരക്ഷിച്ചത് ഡെൻമാർക്കുമായി 300 വർഷത്തെ വളരെ സങ്കീർണവും ദീർഘകാല ബന്ധവുമുള്ള ഗ്രീൻലാൻഡിലെ 57,000 മനുഷ്യരുടെ ആത്മാഭിമാനമാണ്.
2019ലാണ് ഫ്രെഡറിക്സെൻ ഡെൻമാർക്കിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. രാജ്യത്തിന്റെ നേതൃസ്ഥാനം അലങ്കരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് അവർ. പ്രധാനമന്ത്രിയാകുമ്പോൾ 41 വയസ്സ് മാത്രമാണുണ്ടായിരുന്നത്. ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ട്രംപിന്റെ നീക്കം രാജ്യത്തിന്റെ അസ്ഥിത്വവും ഔന്നത്യവും ചോദ്യം ചെയ്യുന്നതായിരുന്നു. എങ്കിലും യു.എസ് സൈന്യം ഒരുമ്പെട്ടാൽ കീഴടങ്ങുകയല്ലാതെ ഗ്രീൻലാൻഡിന് മറ്റൊരു മാർഗമില്ലായിരുന്നു. യു.എസിനോട് പോരാടാനുള്ള സൈനിക ശക്തിയില്ലെന്ന് ഏറ്റവും നന്നായി അറിയാവുന്ന അവർ, നാറ്റോ സഖ്യത്തിലെ അംഗങ്ങളായ ബ്രിട്ടനെയും ജർമനിയെയും ഫ്രാൻസിനെയും ഐസ്‍ലാൻഡിനെയും ഒപ്പംചേർത്ത് ഒരു പോരാട്ട സഖ്യമുണ്ടാക്കുകയാണ് ചെയ്തത്. ഡെൻമാർക്കിന്റെ പ്രതിരോധത്തിന് വേണ്ടി ഉറച്ചുനിൽക്കാൻ അവർ ആവശ്യപ്പെട്ടതോടെ യൂറോപ്പ് ഒറ്റക്കെട്ടായിനിന്നു. യൂറോപ്പിന്റെ യഥാർഥ ശക്തി ട്രംപ് തിരിച്ചറിഞ്ഞത് അന്നാണ്.
ആദ്യ പ്രസിഡന്റ് കാലയളവിലാണ് ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്ന ആശയം ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ, ട്രംപിന്റെ പദ്ധതിയെ അസംബന്ധം എന്നാണ് ഫ്രെഡറിക്സെൻ അന്ന് വിമർശിച്ചത്. വിമർശനത്തിൽ പ്രകോപിതനായ ട്രംപ് ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപൻഹേഗനിലേക്കുള്ള സന്ദർശനം റദ്ദാക്കി. ഫ്രെഡറിക്സെന്റെത് വൃത്തികെട്ട പരാമർശമാണെന്നും പ്രതികരിച്ചു. അന്ന് അടഞ്ഞ അധ്യായം രണ്ടാമത് പ്രസിഡന്റ് പദവിയിലെത്തിയതോടെയാണ് ട്രംപ് വീണ്ടും തുറന്നത്. പിന്നാലെ കഴിഞ്ഞ വർഷം ജനുവരി ഏഴിന് ട്രംപിന്റെ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയർ ഗ്രീൻലാൻഡിന്റെ തലസ്ഥാനമായ നൂകിലെത്തിയത് ഡെൻമാർക്കിന്റെ നെഞ്ചിൽ തീപൊരിയിട്ടു. ഫോണിൽ വിളിച്ച് ചോദ്യം ചെയ്ത ഫ്രെഡറിക്സെനെ 45 മിനിറ്റ് നേരം ട്രംപ് ശകാരിച്ചെന്നാണ് വിവരം.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി അംഗവും യൂനിയൻ നേതാവുമായിരുന്ന ഫ്ലെമിങ് ഫ്രെഡറിക്സന്റെ മകളാണ് മെറ്റ് ഫ്രെഡറിക്സൻ. കുട്ടിക്കാലത്ത് നാണം കുണുങ്ങിയായ പെൺകുട്ടിയായിരുന്നു. ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ യുവജന സംഘടനയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് വെച്ചടി കയറ്റമായിരുന്നു. 2001ൽ ഡെൻമാർക്ക് പാർലമെന്റിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. 24ാം വയസ്സിലായിരുന്നു ആ വിജയം. കോവിഡ് കാലത്ത് അവരുടെ പാർട്ടി രാജ്യത്ത് കടുത്ത പ്രതിസന്ധി നേരിട്ടു. കോവിഡ് പകരാൻ സാധ്യതയുണ്ടെന്ന ആശങ്കയുടെ പശ്ചാത്തത്തിൽ രോമങ്ങൾക്ക് വേണ്ടി വളർത്തിയിരുന്ന ദശലക്ഷക്കണക്കിന് നീർനായകളെ കൊല്ലേണ്ടി വന്നതായിരുന്നു അതിന്റെ കാരണം. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ നിരവധി സുപ്രധാന നേതാക്കൾ രാജിവെച്ചു. ഈ രാഷ്ട്രീയ കൊടുങ്കാറ്റിനെ അതിജീവിച്ച ഫ്രെഡറിക്സെന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
കടുത്ത അനിശ്ചിതാവസ്ഥയിൽനിന്ന് ഡെൻമാർക്കിനെ നയിച്ച് ലോക രാഷ്ട്രീയ ഭൂപടത്തിൽ സ്ഥാനത്തെത്തിക്കാൻ അവർക്ക് കഴിഞ്ഞു. മാത്രമല്ല, ആഗോള രാഷ്ട്രീയത്തിന്റെ ഗതിവികതി നിർണയിക്കുന്നതിലും അവർ സുപ്രധാന പങ്കുവഹിച്ചു. റഷ്യ യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോൾ യൂറോപ്പിനെ ഒറ്റക്കെട്ടായി നിർത്തുന്നതിൽ ചുക്കാൻ പിടിച്ചത് ഫ്രെഡറിക്സെനാണ്. യുക്രെയ്ന് ആദ്യം എഫ്-16 യുദ്ധ വിമാനങ്ങൾ നൽകി പോരാടാനുള്ള ഊർജം നൽകി. ഇങ്ങനെയൊക്കെയാണെങ്കിലും കുടിയേറ്റ വിരുദ്ധതയിൽ മറ്റ് യൂറോപ്പ്യൻ നേതാക്കളെക്കാൾ കർക്കശക്കാരിയാണെന്നാണ് ഫ്രെഡറിക്സെന്റെ രാഷ്ട്രീയ ചരിത്രം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

