രണ്ടാംവട്ട കൂട്ടപിരിച്ചുവിടൽ; മെറ്റയിൽ ഇത്തവണ 10,000 പേർക്ക് ജോലി നഷ്ടമാകും
text_fieldsന്യൂയോർക്: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ രണ്ടാംവട്ട കൂട്ടപിരിച്ചുവിടൽ പ്രഖ്യാപിച്ചു. ഇത്തവണ 10,000 പേർക്ക് ജോലി നഷ്ടമാകും. രണ്ടാംവട്ട പിരിച്ചുവിടൽ പ്രഖ്യാപിക്കുന്ന ആദ്യ വൻകിട ടെക്ക് കമ്പനിയാണ് മെറ്റ.
കഴിഞ്ഞ നവംബറിൽ കമ്പനി 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എൻജിനീയറിങ് ഇതര ജീവനക്കാരെയാണ് കാര്യമായി ബാധിക്കുക. ഏതാനും പ്രോജക്ടുകളും കമ്പനി നിർത്തിവെക്കും. ഇതിന്‍റെ ഭാഗമായ ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കും. പരസ്യവരുമാനത്തില്‍ ഇടിവ് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടൽ നീക്കം.
വർഷങ്ങളോളം തുടരാൻ സാധ്യതയുള്ള സാമ്പത്തിക യാഥാർഥ്യമാണിതെന്നും അതിനായി നമ്മൾ സ്വയം തയാറാകണമെന്നും മെറ്റ മേധാവി മാർക്ക് സുക്കർബെർഗ് പറഞ്ഞു. പുതിയ നിയമനങ്ങളെല്ലാം കമ്പനി നിർത്തിവെച്ചു. ജോലിയില്‍ പ്രവേശിക്കാനിരുന്നവര്‍ക്ക് അയച്ച ജോബ് ഓഫറുകളും പിന്‍വലിച്ചു. 2004ല്‍ കമ്പനി ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടല്‍ പരമ്പരയാണിപ്പോള്‍ നടക്കുന്നത്.