എനിക്ക് അമ്മയെ നഷ്ടപ്പെട്ടു, അതുപോലെ മക്കൾക്ക് സംഭവിക്കരുത്- ഹാരി രാജകുമാരൻ
text_fieldsകാലിഫോർണിയ: താനും ഭാര്യ മേഗനും കൊട്ടാരം വിട്ടിറങ്ങിയപ്പോഴും മാധ്യമങ്ങൾ അതിൽ കണ്ടെത്തിയ സ്ത്രീവിരുദ്ധതയെ വിമർശിച്ച് രാജകുമാരൻ ഹാരി. തങ്ങൾ കൊട്ടാരം വിട്ടതിനെ 'മെഗ്സിറ്റ്' എന്ന പദം ഉപയോഗിച്ചാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഈ പദം തികച്ചും സ്ത്രീവിരുദ്ധമാണെന്ന് ഹാരി പറഞ്ഞു.
അമേരിക്കൻ ടെക്നോളജി-കൾച്ചർ മാഗസിനായ വയേഡിന് നൽകിയ അഭിമുഖത്തിലാണ് ഹാരിയുടെ വെളിപ്പെടുത്തൽ.
'ജനങ്ങൾ അറിഞ്ഞോ അറിയാതെയോ ആയിരിക്കാം ഈ വാക്ക് ഉപയോഗിക്കുന്നത്. എന്നാൽ മെഗ്സിറ്റ് എന്നത് ഒരു സ്ത്രീവിരുദ്ധ വാക്കാണ്. ഒരു ട്രോളായിട്ടാണ് ആദ്യം അത് ഉപയോഗിക്കപ്പെട്ടത്. രാജകുടുംബവുമായി ബന്ധപ്പെട്ടവർ ഈ പദത്തിന് പ്രാധാന്യം നൽകിയിരുന്നു. പിന്നീട് മെയിൻസ്ട്രീം മീഡിയയും ഇതേ വാക്ക് ഉപയോഗിച്ചുതുടങ്ങി.' ഹാരി പറഞ്ഞു.
ബ്രിട്ടീഷ് ജേണലിസ്റ്റുകളിൽ ഭൂരിഭാഗവും നുണകളെ പെരുപ്പിച്ചുകാണിക്കുന്ന മാർഗമാണ് സ്വീകരിച്ചത് എന്നതാണ് ഏറ്റവും പ്രയാസമുണ്ടാക്കിയ കാര്യമെന്നും ഹാരി പറഞ്ഞു. വ്യാജവാർത്തകൾ സത്യമെന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു അവർ എന്നും ഹാരി പറഞ്ഞു.
അഭിമുഖത്തിൽ അമ്മ ഡയാന രാജകുമാരിയെക്കുറിച്ചും ഹാരി തുറന്നുപറഞ്ഞു.
'എനിക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായി അറിയാം. സ്വയം സൃഷ്ടിച്ചെടുത്ത വിവരക്കേടുകൊണ്ടാണ് എനിക്ക് എന്‍റെ അമ്മയെ നഷ്ടപ്പെട്ടത്. അതുപോലെ എന്‍റെ മക്കൾക്ക് അവരുടെ അമ്മയെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്നും എനിക്ക് നിർബന്ധമുണ്ടായിരുന്നു.'- ഹാരി പറഞ്ഞു.
സസക്സിലെ പ്രഭുവും പ്രഭ്വിയുമായിരുന്ന ഹാരിയും മേഗനും കൂടുതൽ സ്വതന്ത്രമായി ജീവിക്കാനാണ് കാലിഫോർണിയയിലേക്ക് താമസം മാറിയത്. ബ്രിട്ടീഷ് രാജകുടുംബത്തിൽ മേഗൻ കടുത്ത വിവേചനം അനുഭവിച്ചിരുന്നുവെന്നും അതിനാലാണ് ഇവർ താമസം മാറ്റിയതെന്നുമായിരുന്നു റിപ്പോർട്ട്.
മേഗന്‍റെ മാതാവ് കറുത്ത വർഗക്കാരിയായതിനാലായിരുന്നു വിവേചനം നേരിട്ടതെന്ന് ഹാരി പറഞ്ഞതായി നേരത്തേ ഒരു ബ്രിട്ടീഷ് ടാബ്ലോയ്ഡ് വ്യക്തമാക്കിയിരുന്നു.
മേഗനെയും ഹാരിയേയും ലക്ഷ്യം വെച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയും വംശീയ അധിക്ഷേപം നടന്നിരുന്നു. മീഡിയ അനലിറ്റിക്സ് സർവേ റിപ്പോർട്ട പ്രകാരം 83 അക്കൗണ്ടുകളിൽ നിന്നായി പോസ്റ്റ് ചെയ്യപ്പെട്ട 70 ശതമാനത്തോളം വരുന്ന അധിക്ഷേപങ്ങളും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് പറയുന്നു.
സോഷ്യൽ മീഡിയ നെഗറ്റിവിറ്റിക്കെതിരെ ഹാരിയും മേഗനും കാമ്പയിൻ നടത്തിയിരുന്നു. മനുഷ്യരുടെ മാനസിക അവസ്ഥയെതന്നെ മോശമായി ബാധിക്കുമെന്നും ഹാരിയും മേഗനും കാമ്പയിനിൽ പറഞ്ഞിരുന്നു.