ഹാരി രാജകുമാരനെ നാടുകടത്തില്ലെന്ന് ട്രംപ്; 'ഭാര്യയുമായി തന്നെ ഒരുപാട് പ്രശ്നങ്ങളുണ്ട്'
text_fieldsവാഷിങ്ടൺ: ഹാരി രാജകുമാരനെ നാടുകടത്തില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹാരിക്കെതിരായ വിസ കേസ് കുത്തിപ്പൊക്കാൻ തനിക്ക് ഒരു ഉദ്ദേശവുമില്ലെന്നും ട്രംപ് പറഞ്ഞു. ഭാര്യ മേഗൻ മാർക്കിളുമായി ഹാരിക്ക് ആവശ്യത്തിന് പ്രശ്നങ്ങളുണ്ടെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
നേരത്തെ ലഹരി ഉപയോഗം സംബന്ധിച്ച് ഹാരി വെളിപ്പെടുത്തൽ നടത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തിന് യു.എസ് വിസ ലഭിക്കാനുള്ള യോഗ്യത സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്ത വരുത്തി ഡോണാൾഡ് ട്രംപ് രംഗത്തെത്തുന്നത്.
ന്യൂയോർക്ക് ടൈംസുമായുള്ള അഭിമുഖത്തിൽ ഹാരിക്കെതിരായ വിസ കേസ് താൻ കുത്തിപ്പൊക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഹാരിയെ താൻ ഏകനായി വിടും. ഭാര്യയുമായി അയാൾക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. ഭയങ്കരിയായ സ്ത്രീയാണ് മേഗൻ മാർക്കിളെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. നേരത്തെ ഡോണൾഡ് ട്രംപിനെതിരെ മേഗൻ മാർക്കിൾ വിമർശനം ഉയർത്തിയിരുന്നു.
2020ലാണ് ഹാരി ഭാര്യക്കൊപ്പം ലോസ് ഏഞ്ചലസിലേക്ക് എത്തിയത്. കൊക്കൈയ്ൻ, കഞ്ചാവ്, രാസലഹരി എന്നിവ ഉപയോഗിച്ചിരുന്നുവെന്ന് ഹാരി വെളിപ്പെടുത്തിയിരുന്നു. പിന്നാലെ വിസ അപേക്ഷയിൽ ഇക്കാര്യങ്ങൾ ഹാരി വെളിപ്പെടുത്തിയിരുന്നോ എന്ന ചോദ്യം ഉയർന്നിരുന്നു. വെളിപ്പെടുത്തലിന് ശേഷവും ഹാരിക്ക് എങ്ങനെ വിസ ലഭിച്ചുവെന്നും പലകോണുകളിൽ നിന്നും സംശയം ഉയർന്നിരുന്നു.
ഇതിനിടെ ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രിൻസ് ഹാരിയുടെ വിസ വിവരങ്ങൾ ആവശ്യപ്പെട്ട് ഹോംലാൻഡ് സെക്യൂരിറ്റിക്കെതിരെ കോടതിയിൽ ഹരജി നൽകുകയും ചെയ്തു. എന്നാൽ, ഹാരിയുടെ വിസ വിവരങ്ങൾ രഹസ്യമാക്കിവെക്കാനായിരുന്നു കോടതിയുടെ ഉത്തരവ്.
യു.എസിലെ വിസനിയമം അനുസരിച്ച് ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകൾ വിസ ലഭിക്കുന്നതിനുള്ള തടസമാണ്. ഇതിനിടെ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ഹാരി വെളിപ്പെടുത്തൽ നടത്തിയിട്ടും എങ്ങനെ അദ്ദേഹത്തിന് വിസ ലഭിച്ചുവെന്നാണ് ചിലർ ചോദ്യം ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

