ജോലി 'ഒന്നും ചെയ്യാതിരിക്കൽ', വൻ തുക പ്രതിഫലം; ആരും ആഗ്രഹിക്കും ഈ ജാപ്പനീസുകാരന്‍റെ ജോലി
text_fieldsടോക്യോയിലെ ഷോജി മൊറിമോട്ടോ എന്ന 38കാരന്‍റെ ജോലി 'ഒന്നും ചെയ്യാതിരിക്കലാ'ണ്. അതിന് പ്രതിഫലമായി ലഭിക്കുന്നതോ ആയിരങ്ങൾ. 'സ്വയം വാടകയ്ക്ക് നൽകൽ' എന്നാണ് മൊറിമോട്ടോ തന്‍റെ ജോലിയെ വിശേഷിപ്പിക്കുന്നത്.
തന്നെ തിരഞ്ഞെത്തുന്ന ക്ലയന്‍റുകളോടൊപ്പം ചുമ്മാ കൂടെ നടക്കുക എന്നതാണ് മൊറിമോട്ടോയുടെ ജോലി. ഒരു സെഷന് 10,000 യെൻ (ഏകദേശം 5600 രൂപ) ആണ് മൊറിമോട്ടോ പ്രതിഫലമായി വാങ്ങുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഇങ്ങനെ 4000 സെഷനുകൾ മൊറിമോട്ടോ ജോലിചെയ്തിട്ടുണ്ട്.
'അടിസ്ഥാനപരമായി, ഞാൻ എന്നെത്തന്നെ വാടകക്ക് നൽകുകയാണ്. ഞാൻ എവിടെ വേണമെന്ന് എന്‍റെ ക്ലയന്‍റ്സ് ആഗ്രഹിക്കുന്നുവോ അവിടെ പോവുക. പ്രത്യേകിച്ചൊന്നും ചെയ്യാതിരിക്കുക' -മൊറിമോട്ടോ പറയുന്നു.
മൊറിമോട്ടോക്ക് ട്വിറ്ററിൽ രണ്ടരലക്ഷം ഫോളോവേഴ്സ് ഉണ്ട്. മൊറിമോട്ടോയെ 'വാടകക്ക്' ആവശ്യമുള്ളവർ ഏറെയും സമൂഹമാധ്യമങ്ങളിലൂടെയാണ് ബന്ധപ്പെടാറ്. ഒരു ക്ലയന്‍റ് തന്നെ 270 പ്രാവശ്യം സൗഹൃദത്തിനായി കൂടെ കൂട്ടിയിട്ടുണ്ടെന്ന് മൊറിമോട്ടോ പറയുന്നു.
തന്‍റെ ജോലിക്ക് മൊറിമോട്ടോ ചില അതിർവരമ്പുകളും വെച്ചിട്ടുണ്ട്. കനപ്പെട്ട ജോലികളൊന്നും ചെയ്യില്ല, വിദേശത്തേക്ക് പോകാൻ പറ്റില്ല, ലൈംഗിക സ്വഭാവത്തിലുള്ള ഒരു ആവശ്യവും താൻ ഏറ്റെടുക്കില്ല. ഒരു ക്ലയന്‍റ് ഫ്രിഡ്ജ് എടുത്ത് മറ്റൊരിടത്ത് വെക്കാൻ ആവശ്യപ്പെട്ടപ്പോൾ നിരസിച്ചിട്ടുണ്ട്. മറ്റൊരാൾ കംബോഡിയയിലേക്ക് ഒപ്പം വരാൻ ക്ഷണിച്ചപ്പോൾ അതും നിരസിച്ചിട്ടുണ്ട്.
ഈയടുത്ത് മൊറിമോട്ടോയെ തേടിയെത്തിയ ക്ലയന്‍റ് 27കാരിയായ ഡാറ്റ അനലിസ്റ്റ് അരുണ ഛിദ്ദയാണ്. ഇവർക്ക് സാരിയുടുത്ത് പൊതുസ്ഥലത്ത് ഇറങ്ങുന്നത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. ആരെങ്കിലും ഒപ്പമുണ്ടെങ്കിൽ കുഴപ്പമില്ല. അങ്ങനെ അവർ മൊറിമോട്ടോയെ തന്‍റെ കൂടെ നടക്കുന്ന ജോലിക്കായി വിളിക്കുകയായിരുന്നു.
ഏറ്റവും രസകരമായ കാര്യമെന്തെന്നുവെച്ചാൽ, മൊറിമോട്ടോ മുമ്പ് ജോലിചെയ്തിരുന്നത് ഒരു പബ്ലിഷിങ് സ്ഥാപനത്തിലാണ്. ഇവിടെ ഒന്നും ചെയ്യാതിരുന്നതിനെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

