ഫിലിപ്പീൻ സുന്ദരി ഫ്യൂഷിയ ആൻ രവേന, മിസ് ഇന്‍റർനാഷനൽ ട്രാൻസ് ജെന്‍ഡർ
text_fieldsബാങ്കോക്: മിസ് ഇന്‍റർനാഷനൽ ട്രാൻസ് ജെന്‍ഡർ -2022 കിരീടം ചൂടി ഫിലിപ്പീൻസ് സുന്ദരി ഫ്യൂഷിയ ആൻ രവേന. ട്രാൻസ് ജെന്‍ഡർ യുവതികൾക്കായി നടത്തുന്ന ഏറ്റവും വലിയ സൗന്ദര്യ മത്സരമാണിത്.
22 മത്സരാർത്ഥികളെ പിന്തള്ളിയാണ് രവേന വിജയ കിരീടം ചൂടിയത്. കൊളംബിയയുടെ ജാസ്മിൻ ജിമനസ് രണ്ടാമതും ഫ്രാൻസിന്‍റെ ഏല ഷാനൽ മുന്നാം സ്ഥാനത്തും എത്തി. ഫിലിപ്പീനിലെ സെബു പ്രവിശ്യയിൽ നിന്നുള്ള 27 കാരിയായ രവേന ഒരു സംരംഭകയാണ്. ഇതേ മത്സരത്തിൽ വിജയകിരീടം ചൂടുന്ന മൂന്നാമത്തെ ഫിലിപ്പീൻ സുന്ദരി കൂടിയാണിവർ. 2015ൽ ട്രിക്സ്ടിയ മാരിസ്റ്റെല്ലയും 2012ൽ കെവിൻ ബാലടും മിസ് ഇന്‍റർനാഷനൽ ആയിരുന്നു.
സമൂഹത്തിന് വേണ്ടി എന്ന നിലക്ക് 'ട്രാൻസ് ജെൻഡർ ക്വീൻ' കിരീടം ചൂടുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്‍, എന്തിന് വേണ്ടി എന്നതായിരുന്നു രവേന നേരിട്ട ചോദ്യം. സുന്ദരമായി ചിരിച്ചുകൊണ്ട് അവർ ഉത്തരമായി നൽകിയത് മനുഷ്യത്വത്തെ കുറിച്ചാണ്. "ഈ നേട്ടം ജനങ്ങളെ പ്രചോദിപ്പിക്കും. പിന്നെ, മനുഷ്യന്‍റെ സൗന്ദര്യം ഒത്തിരി അറിവിൽ മാത്രമല്ല, സ്നേഹിക്കുവാനും പരസ്പരം ബഹുമാനിക്കാനുമുള്ള ഹൃദയത്തിലും മറ്റുള്ളവരെ ശ്രദ്ധിച്ചിരിക്കാനുള്ള കാതിലും അന്യരെ സഹായിക്കാൻ നീട്ടുന്ന കൈകളിലുമാണ്," രവേന പറഞ്ഞു.
"പരസ്പരം സ്നേഹവും സമാധാനവും ഐക്യവും പുലർത്തുക എന്നതാണ് എന്‍റെ സന്ദേശം. ഈ നിമിഷത്തിൽ നമുക്ക് ചെയ്യാനാകുന്നത് അതാണ്," സമത്വത്തെ കുറിച്ചുള്ള രവേനയുടെ ഈ കാഴ്ചപ്പാടാണ് കിരീടത്തിലേക്ക് എത്തിച്ചത്.
തായ്‍ലന്‍ഡിലെ പട്ടായയിൽ ശനിയാഴ്ചയാണ് ഫിനാലെ നടന്നത്. കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മത്സരം ഒഴിവാക്കിയിരുന്നു. 2004 മുതൽ ട്രാൻസ് യുവതികൾക്കായി നടത്തിവരുന്ന സൗന്ദര്യ മത്സരമാണ് മിസ് ഇന്‍റർനാഷനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

