ആശുപത്രിയിൽ വീണ്ടും ആക്രമണം; ഗസ്സയിൽ മരണം 51,000 കടന്നു
text_fieldsദേർ അൽ ബലാഹ്: ഗസ്സയിൽ ആശുപത്രി ലക്ഷ്യമിട്ട് വീണ്ടും ഇസ്രായേൽ ആക്രമണം. മുവാസിയിൽ കുവൈത്ത് ഫീൽഡ് ആശുപത്രിയിൽ ബോംബിട്ടതിനെതുടർന്ന് ആരോഗ്യപ്രവർത്തകൻ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വക്താവ് സാബിർ മുഹമ്മദ് പറഞ്ഞു. ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 17 ഫലസ്തീനികൾ കൊല്ലപ്പെടുകയും 69 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതോടെ ഇസ്രായേൽ വംശഹത്യയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 51,000 കടന്നു. 116,343 പേർക്കാണ് പരിക്കേറ്റത്. 18 മാസത്തിലേറെയായുള്ള ഇസ്രായേൽ വ്യോമാക്രമണത്തെതുടർന്ന് ആയിരക്കണക്കിന് ഫലസ്തീനികൾ അഭയം തേടിയ ആശുപത്രിയിലാണ് ബോംബിട്ടത്. ഞായറാഴ്ച കനത്ത ആക്രമണത്തിൽ ഗസ്സ സിറ്റിയിലെ ഏക ആശുപത്രിയായ അൽ അഹ്ലി തകർത്തിരുന്നു. ഹമാസ് കമാൻഡ്, കൺട്രോൾ കേന്ദ്രമാണ് ലക്ഷ്യമിട്ടതെന്നായിരുന്നു ഇസ്രായേൽ സേനയുടെ ന്യായീകരണം.
ഹമാസിനെ നിരായുധരാക്കാനുള്ള നീക്കം അംഗീകരിക്കില്ല
ഗസ്സ സിറ്റി: ഗസ്സയിൽ വെടിനിർത്തലിന് ഇസ്രായേൽ മുന്നോട്ടുവെച്ച പുതിയ ഉപാധികൾ പരിശോധിക്കുകയാണെന്ന് ഹമാസ് അറിയിച്ചു. വെടിനിർത്തൽ നിർദേശം സംബന്ധിച്ച് ഉടൻ മറുപടി നൽകുമെന്നും എന്നാൽ, ഹമാസിനെ നിരായുധരാക്കാനുള്ള ഒരു നിർദേശവും അംഗീകരിക്കില്ലെന്നും മുതിർന്ന നേതാവ് സമി അബു സുഹ്റി പറഞ്ഞു.
45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നടപ്പാക്കാനുള്ള പുതിയ ഉപാധികൾ തിങ്കളാഴ്ചയാണ് മധ്യസ്ഥരായ ഖത്തറിനും ഈജിപ്തിനും ഇസ്രായേൽ കൈമാറിയത്. ഗസ്സയിലുള്ള 11 ബന്ദികളെ കൈമാറണമെന്നാണ് ഇസ്രായേൽ ഉപാധികളിൽ പ്രധാനപ്പെട്ടത്. തിങ്കളാഴ്ച കൈറോയിൽ നടന്ന വെടിനിർത്തൽ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. മാർച്ച് 18ന് വെടിനിർത്തൽ അവസാനിച്ച ശേഷം ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം പുനരാരംഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.