ഗസ്സയിലെ വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായി റദ്ദാക്കി; വിവരങ്ങൾ പുറത്തുവരുന്നില്ല
text_fieldsദക്ഷിണ ഇസ്രായേൽ പ്രദേശത്തുനിന്ന് ഗസ്സ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണം
ഗസ്സ സിറ്റി: ഗസ്സയെ പുറംലോകത്തുനിന്ന് വേർപെടുത്തി മുഴുനീള ബോംബിങ്ങുമായി സമാനതകളില്ലാത്ത ഇസ്രായേൽ ക്രൂരത. ഒക്ടോബർ ഏഴിനു ശേഷം വെള്ളവും ഭക്ഷണവും വൈദ്യുതിയും ഇന്ധനവും മുടക്കിയതിനു പിന്നാലെ വെള്ളിയാഴ്ച വൈകീട്ടു മുതൽ മുഴുവൻ വാർത്താവിനിമയ സംവിധാനങ്ങളും റദ്ദാക്കി വ്യോമാക്രമണവും കരയാക്രമണവും തുടരുകയാണ്. പുറംലോകത്തേക്ക് വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണമോ തകർച്ചയുടെ ആഴമോ അറിവായിട്ടില്ല. മരണം 7,700 കവിഞ്ഞുെവന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏകദേശ കണക്ക്.
ഒക്ടോബർ ഏഴിനുശേഷമുള്ള ഏറ്റവും കടുത്ത ബോംബിങ്ങിനൊപ്പം കരവഴിയും ഗസ്സക്കുള്ളിൽ സേന ആക്രമണം നടത്തുന്നതായി ഇസ്രായേൽ തന്നെ അറിയിച്ചു. നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേൽ സേനയുമായി ഏറ്റുമുട്ടിയതായി ഹമാസ് പറഞ്ഞു. വാർത്താവിനിമയ സംവിധാനങ്ങൾ സമ്പൂർണമായി റദ്ദാക്കപ്പെട്ട ഗസ്സയിൽ ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്തു സംഭവിച്ചുവെന്ന് അറിയാൻ കഴിയാത്ത ഭീകരമായ മാനസികാവസ്ഥയിലാണ്. ‘അൽജസീറ’ പോലുള്ള ഏതാനും മാധ്യമങ്ങൾ സാറ്റലൈറ്റ് ഫോൺ വഴി ഇടക്കിടെ മാത്രമാണ് സംഭവങ്ങൾ അറിയിക്കുന്നത്. തങ്ങൾ ഒറ്റക്കായെന്ന ചിന്താഭാരമാണ് ഗസ്സ നിവാസികൾക്കെന്ന് ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ സംഘടനയുടെ പ്രതിനിധി പറഞ്ഞു. ‘‘ഞങ്ങൾ കൂട്ടക്കൊല്ല ചെയ്യപ്പെടുന്നത് ടി.വിയിൽ നിശ്ശബ്ദം നോക്കി നിൽക്കുകയാണ് മുഴുവൻ ലോകവും.’’ -‘ഗസ്സ മെഡിക് വോയ്സെസ്’ എന്ന സമൂഹമാധ്യമ അക്കൗണ്ട് സ്ഥാപകൻ ഹസ്സൻ പറഞ്ഞു.
സൈന്യം ഗസ്സക്കുള്ളിലുണ്ടെന്നും യുദ്ധം തുടരുകയാണെന്നും ഇസ്രായേൽ സൈനിക വക്താവ് ശനിയാഴ്ച അറിയിച്ചു. യുദ്ധം പുരോഗമിക്കുകയാണെന്നും തങ്ങൾക്ക് ആൾനാശമില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. 150 ഭൂഗർഭ താവളങ്ങൾ തകർത്തതായും അവകാശപ്പെട്ടു. വടക്കൻ ഗസ്സയിലും ഗസ്സ സിറ്റിയിലും അതിമാരക ആക്രമണം അഴിച്ചുവിട്ടുവെന്നാണ് നിഗമനം. ബെയ്ത് ലാഹിയ, ബെയ്ത് ഹാനൂൻ, സെയ്തൂൻ എന്നിവിടങ്ങളെല്ലാം ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിലെ മരണസംഖ്യയോ നാശനഷ്ടമോ അറിയാൻ സംവിധാനമില്ല.
ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിക്കു സമീപം ബോംബ് വീഴുന്ന ദൃശ്യങ്ങൾ ‘അൽജസീറ’ പുറത്തുവിട്ടു. നിരവധി പേർ കൊല്ലപ്പെട്ടു. നൂറു കണക്കിന് കെട്ടിടങ്ങളാണ് 24 മണിക്കൂറിനുള്ളിൽ തകർന്നതെന്ന് ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു. ‘‘നൂറുകണക്കിന് കെട്ടിടങ്ങളും വീടുകളും പൂർണമായും തകർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ബോംബിങ്ങിലൂടെ വടക്കൻ ഗസ്സയുടെ ഭൂപ്രകൃതി തന്നെ മാറിയിരിക്കുകയാണ്’’ - സിവിൽ ഡിഫൻസ് വക്താവ് എ.എഫ്.പിയോടു പറഞ്ഞു. ഇതിനിടെ ഐക്യരാഷ്ട്രസഭ ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

