ഐസ്ക്രീമിനൊപ്പം കെച്ചപ്പ്, ആകെ കുളമായി മക്ഡോണാൾഡ്സിന്റെ എ.ഐ ഡെലിവറി
text_fieldsവാഷിങ്ടൺ: ഡ്രൈവ് ത്രു റസ്റ്ററന്റുകളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവിതരണം നിർത്താനൊരുങ്ങി മക്ഡോണാൾഡ്സ്. കമ്പനിക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ നൽകുന്ന ഐ.ബി.എമ്മുമായുള്ള കരാർ അവസാനിപ്പിക്കുകയാണെന്ന് മക്ഡോണാൾഡ്സ് അറിയിച്ചു. 2021 മുതലുള്ള കരാർ തിങ്കളാഴ്ചയാണ് കമ്പനി അവസാനിപ്പിച്ചത്.
ഓർഡറുകൾ എ.ഐ സംവിധാനം ഉപയോഗിച്ച് വിതരണം ചെയ്യുമ്പോൾ നിരവധി പ്രശ്നങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വിഡിയോകളും നിറഞ്ഞിരുന്നു. ഐസ്ക്രീം ഓർഡർ ചെയ്തയാൾക്ക് അതിനൊപ്പം കെച്ചപ്പ്, ബട്ടർ പോലുള്ള സാധനങ്ങൾ തെറ്റായി നൽകുക. ഓർഡർ മാറി നൽകുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം എ.ഐ വിതരണത്തിലുണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മക്ഡോണാൾഡ്സ് സേവനം നിർത്താൻ ഒരുങ്ങുന്നത്.
അതേസമയം, ഐ.ബി.എമ്മുമായുള്ള കരാർ ഒഴിവാക്കിയത് കൊണ്ട് തങ്ങൾ എ.ഐ അധിഷ്ഠിത വിതരണസംവിധാനത്തിൽ നിന്നും പൂർണമായി പിൻവാങ്ങുന്നുവെന്ന് അർഥമില്ലെന്ന് മക്ഡോണാൾഡ്സ് അറിയിച്ചു. ഐ.ബി.എമ്മുമായുള്ള പങ്കാളിത്തം തങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. മെച്ചപ്പെട്ട എ.ഐ സാങ്കേതികവിദ്യകൾ ഭാവിയിൽ റസ്റ്ററന്റുകളിൽ അവതരിപ്പിക്കുമെന്ന് മക്ഡോണാൾഡ്സ് വ്യക്തമാക്കി.
എ.ഐ അടിസ്ഥാനമാക്കിയുള്ള വിതരണസംവിധാനത്തിന് യു.എസിലെ നിരവധി റസ്റ്ററന്റുകൾ തുടക്കം കുറിച്ചിരുന്നു. വെൻഡിസ് റസ്റ്ററന്റ് ഗൂഗളിന്റെ ക്ലൗഡുമായാണ് കരാർ ഉണ്ടാക്കിയത്. പോപ്പീസും ഇത്തരത്തിൽ യു.എസിലും യു.കെയിലും എ.ഐ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവിതരണത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

